1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2015

സ്വന്തം ലേഖകന്‍: നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 6,000 കടന്നു മുന്നോട്ടു പോകുമ്പോള്‍ മേഖലയിലെ അടിയന്തിരാവസ്ഥ മുതലാക്കി നയതന്ത്ര നേട്ടത്തിന് ശ്രമിക്കുകയാണ് ചൈന എന്ന ആരോപണം ഉയരുന്നു. കനത്ത മഴയും ഗതാഗത സംവിധാനങ്ങളുടെ പൂര്‍ണമായ തകര്‍ച്ചയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാക്കുന്നതിനാല്‍ മരണ സംഖ്യ 10,000 വരെ ഉയരാമെന്നാണ് സൂചന.

നേരത്തെ ഭൂകമ്പം നേപ്പാളിനെ തകര്‍ത്തയുടന്‍ തന്നെ ഇന്ത്യ സഹായ ഹസ്തവുമായി എത്തിയിരുന്നു. രക്ഷാദൗത്യത്തിന് സൈനിക സംഘങ്ങളെയും മെഡിക്കല്‍ സംഘത്തെയും നിയോഗിക്കുകയും വിമാനമാര്‍ഗ്ഗം വന്‍ തോതില്‍ ഭക്ഷ്യ വസ്തുക്കളും ഔഷധങ്ങളും രക്ഷാ ഉപകരണങ്ങളും എത്തിക്കുകയും ചെയ്തു. എന്നാല്‍ ചൈന സഹായവുമായെത്താന്‍ അല്പം വൈകി.

മാവോയിസ്റ്റുകളുടെ സഹായത്തോടെ നടത്തിവരുന്ന ഇന്ത്യാവിരുദ്ധ പ്രചരണം പൊളിയുമെന്ന സ്ഥിതി വന്നതോടെ സഹായം എത്തിക്കാന്‍ ചൈന ഒരു മത്സരത്തിന് ഒരുമ്പെടുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതിന് പിന്നാലെ ചൈനീസ് നേതാവ് ഷി ജിന്‍പിംഗിന്റെയും സഹായവാഗ്ദാനം എത്തി.

ഇന്ത്യക്കും ചൈനക്കും ഇടയില്‍ കിടക്കുന്ന നേപ്പാളിന് ഇരുരാജ്യങ്ങളുടേയും സൈനിക ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമാണുള്ളത്. കൂടാതെ നേപ്പാളിലെ വിപണി കൈയടക്കാന്‍ ചൈന ആഗ്രഹിക്കുന്നു. തിബറ്റ് പ്രശ്‌നമാണ് മറ്റൊരു കാരണം. വന്‍ നിക്ഷേപമാണ് ചൈന നേപ്പാളില്‍ നടത്തുന്നത്. ഇതിന് പുറമേയാണ് മാവോയിസ്റ്റുകളെ ഉപയോഗിച്ചുള്ള ഇന്ത്യാവിരുദ്ധ പ്രചാരണവുമുണ്ട്.

ലോകത്തെ ഏക ഹിന്ദു രാഷ്ട്രമായ നേപ്പാളും ഇന്ത്യയും തമ്മിലുള്ള ബന്ധം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണ്. ഇന്ത്യന്‍ സേനയിലെ ഗൂര്‍ഖാ റെജിമെന്റില്‍ നേപ്പാളില്‍ നിന്ന് ഇപ്പോഴും റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ തുറന്ന അതിര്‍ത്തിയാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.