സൗദി കിരീടാവകാശിയായി ആഭ്യന്തര മന്ത്രികൂടിയായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനെയും ഡെപ്യൂട്ടി കിരീടാവകാശിയായി പ്രതിരോധ മന്ത്രി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെയും സല്‍മാന്‍ രാജാവ് നിയമിച്ചു. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. കിരീടാവകാശിയായിരുന്ന മുഖ്‌രിന്‍ രാജകുമാരനെ പദവിയില്‍നിന്ന് ഒഴിവാക്കിയാണ് ഡെപ്യൂട്ടി കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനെ കിരീടാവകാശിയായും ഉപപ്രധാനമന്ത്രിയായും രാഷ്ട്രീയ, സുരക്ഷാകാര്യ സമിതി പ്രസിഡന്റുമായും നിയമിച്ചത്. മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ ആഭ്യന്തര മന്ത്രി പദവിയിലും തുടരും.
കിരീടാവകാശി നാമനിര്‍ദേശം ചെയ്യുകയും പിന്തുടര്‍ച്ചാ സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും പിന്തുണക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ ഡെപ്യൂട്ടി കിരീടാവകാശിയായും സാമ്പത്തിക, വികസനകാര്യ സമിതി പ്രസിഡന്റായും നിയമിച്ചതായും രാജകല്‍പ്പനയില്‍ പറഞ്ഞു. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രതിരോധ മന്ത്രി പദവിയിലും തുടരും. കിരീടാവകാശി പദവിയില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്‌രിന്‍ രാജകുമാരന്‍ നേരത്തെ രാജാവിന് കത്തയച്ചിരുന്നു.
ആരോഗ്യ കാരണങ്ങളാല്‍ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന വിദേശമന്ത്രി സൗദ് അല്‍ഫൈസല്‍ രാജകുമാരന്റെ അപേക്ഷ രാജാവ് അംഗീകരിച്ചു. ഇദ്ദേഹത്തെ സഹമന്ത്രിയായും മന്ത്രിസഭാ അംഗമായും വിദേശ കാര്യങ്ങളില്‍ സൂപ്പര്‍വൈസറായും രാജാവിന്റെ ഉപദേഷ്ടാവായും പ്രത്യേക ദൂതനായും നിയമിച്ചിട്ടുണ്ട്. അമേരിക്കയിലെ സൗദി അംബാസഡറായ ആദില്‍ അല്‍ ജുബൈരറിനെ വിദേശ മന്ത്രിയായി നിയമിച്ചു.
ഡോ. മുഫറജ് അല്‍ഹഖ്ബാനിയാണ് പുതിയ തൊഴില്‍ മന്ത്രി. തൊഴില്‍ മന്ത്രിയായിരു എന്‍ജിനീയര്‍ ആദില്‍ ഫഖീഹിനെ സാമ്പത്തിക, ആസൂത്രണകാര്യ മന്ത്രിയായി നിയമിച്ചിട്ടുണ്ട്. മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ രാജകുമാരനെ മന്ത്രിപദവിയോടെ രാജാവിന്റെ ഉപദേഷ്ടാവായി നിയമിച്ചു.
ആരോഗ്യ മന്ത്രിയായി സൗദി അരാംകൊ മുന്‍ സി.ഇ.ഒ എന്‍ജിനീയര്‍ ഖാലിദ് അബ്ദുല്‍ അസീസ് അല്‍ഫാലിഹിനെയും ഗ്രീവന്‍സസ് കോര്‍ട്ട് പ്രസിഡന്റായി മന്ത്രിപദവിയോടെ ഡോ. ഖാലിദ് അല്‍യൂസുഫിനെയും നിയമിച്ചു. സാമ്പത്തിക, ആസൂത്രണകാര്യ മന്ത്രിയായിരുന്ന ഡോ. മുഹമ്മദ് സുലൈമാന്‍ അല്‍ജാസിറിനെ പദവിയില്‍നിന്ന് നീക്കി റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവായി നിയമിച്ചു. റോയല്‍ കോര്‍ട്ട് ഡെപ്യൂട്ടി പ്രസിഡന്റ് ഖാലിദ് അല്‍ഈസയെ പദവിയില്‍നിന്ന് ഒഴിവാക്കി സഹമന്ത്രിയും മന്ത്രിസഭാ അംഗവുമായും നിയമിച്ചു. ഖാലിദ് അല്‍ഈസയെ രാഷ്ട്രീയ, സുരക്ഷാകാര്യ സമിതി അംഗമായും നിയമിച്ചു. ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രിമാരായ നൂറ അല്‍ഫായിസിനെയും ഹമദ് ആലുശൈഖിനെയും ഡെപ്യൂട്ടി ആരോഗ്യ മന്ത്രിമാരായ ഡോ. മന്‍സൂര്‍ അല്‍ഹവാസിയെയും ഡോ. മുഹമ്മദ് ഖുശൈമിനെയും പദവിയില്‍നിന്ന് നീക്കം ചെയ്തു. സൗദി ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ പ്രസിഡന്റ് പദവിയില്‍നിന്ന് അബ്ദുറഹ്മാന്‍ അല്‍ഹസാഇനേയും മാറ്റി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല