1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2015

സ്വന്തം ലേഖകന്‍: 4,470 സര്‍ക്കാരിതര സംഘടനകളുടെ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ല്‍കുന്ന സര്‍ക്കാരിതര സംഘടനകളുടെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്.സി.ആര്‍.എ) ലൈസന്‍സാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്.

ഉന്നത സര്‍വകലാശാലകള്‍, സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍, എസ്‌കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന എന്‍.ജി.ഒ കളാണ് ഇവയില്‍ മിക്കതും.
വാര്‍ഷിക വരവു ചെലവു കണക്കുകള്‍ ഹാജരാക്കാത്തതും മറ്റ് നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടി വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമാണ് നടപടി.

നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി വിശദീകരണം തേടിയ ശേഷമാണ് സംഘടനകള്‍ക്കുള്ള ലൈസന്‍സ് റദ്ദാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. പഞ്ചാബ് സര്‍വകലാശാല, ചണ്ഡിഗഡ് നിയമ സര്‍വകലാശാല, ഗുജറാത്ത് നിയമ സര്‍വകലാശാല, ഗാര്‍ഗി കോളേജ്, ഡല്‍ഹി ലേഡി ഇര്‍വിന്‍ കോളേജ്, വിക്രം സാരാഭായ് ഫൗണ്ടേഷന്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ മേല്‍നോട്ടത്തിലുള്ള കബീര്‍ എന്നിവയാണ് എഫ്.ആര്‍.സി.എ ലൈസന്‍സ് റദ്ദാക്കപ്പെട്ട പ്രധാന സ്ഥാപനങ്ങള്‍.

എഫ്.ആര്‍.സി.എ ചട്ടങ്ങള്‍ ലംഘിച്ചതിന് 9,000 സര്‍ക്കാരിതര സംഘടനകളുടെ ലൈസന്‍സ് കഴിഞ്ഞ ഏപ്രിലില്‍ മോദി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാനായി ലണ്ടനിലേക്ക് പോകാനെത്തിയ സന്നദ്ധ സംഘടന ഗ്രീന്‍പീസ് ഇന്ത്യയുടെ പ്രചാരക പ്രിയ പിള്ളയെ ഡല്‍ഹി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടയുകയും ഗ്രീന്‍പീസിന്റെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ട് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.

സന്നദ്ധ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. സന്നദ്ധ സംഘടനകള്‍ക്കെതിരേ മോദി സര്‍ക്കാര്‍ നടത്തുന്ന നീക്കം അന്താരാഷ്ട്ര തലത്തിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.