1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2020

സ്വന്തം ലേഖകൻ: യെമന്‍ പൗരനായ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ. കോടതി വിധിക്ക് എതിരായ നിമിഷ പ്രിയയുടെ അപ്പീല്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ ഫയലില്‍ സ്വീകരിച്ചു.

ആഗ്‌സറ്റ് 18 നാണ് നിമിഷ പ്രിയക്ക് അപ്പീല്‍ കോടതി വധശിക്ഷ വിധിച്ചത്. ഈ ഉത്തരവിനെതിരെ നിമിഷ യെമനിലെ പരമോന്നത നീതി പീഠമായ ജുഡീഷ്യല്‍ കൗണ്‍സിലിനെ സമീപിക്കുകയായിരുന്നു. തനിക്കെതിരായ ശിക്ഷ നീട്ടി വെക്കുക, നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിമിഷ അപ്പീല്‍ കോടതിയെ സമീപിച്ചത്. അപ്പീല്‍ സ്വീകരിച്ചെന്ന വിവരം നിമിഷയുടെ അഭിഭാഷകന്‍ അഡ്വ. ബാലചന്ദ്രനാണ് മനോരമ ന്യൂസിനോട് വ്യക്തമാക്കിയത്. നിമിഷയുടെ അപ്പീല്‍ ഹരജിയില്‍ തീരുമാനമെടുക്കും വരെയാണ് സ്റ്റേ.

2017 ഓഗസ്റ്റിലാണ് യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെടുന്നത്. നിമിഷ ഇയാളെ കൊലപ്പെടുത്തി വെട്ടി നുറുക്കി 110 കഷ്ണങ്ങളാക്കി താമസസ്ഥലത്തെ വാട്ടര്‍ ടാങ്ങില്‍ നിക്ഷേപിച്ചു എന്നാണ് കേസന്വേഷണ റിപ്പോര്‍ട്ട്.

വാട്ടര്‍ ടാങ്കില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശത്തുള്ളവര്‍ പരാതിപ്പെട്ട പ്രകാരം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയപ്പോള്‍ നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു. കൊലയ്ക്ക് കൂട്ടുനിന്ന നഴ്‌സ് ഹനാന്‍ ജീവപരന്ത്യം ശിക്ഷ അനുഭവിക്കുകയാണ്.

നിമിഷപ്രിയ തലാലിന്റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ട്. എന്നാല്‍ ഇവര്‍ തുടങ്ങിയ ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖയാണെന്നാണ് നിമിഷയുടെ വാദം.

നിമിഷയെ കൊലപാതകത്തിനു ശേഷം സ്ഥലത്ത് നിന്നും കാണാതായിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ പ്രിയ. തലാല്‍ അബ്ദു മഹ്ദിയില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നറിയിച്ച് നിമിഷ ബന്ധുക്കള്‍ക്ക് കത്തയച്ചിരുന്നു. നാട്ടില്‍ ഭര്‍ത്താവും മക്കളുമുള്ള നിമിഷ പ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് ബ്ലഡ് മണി നല്‍കുന്നതടക്കം പരിഗണനയിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.