1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2020

സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍. ഭരണഘടനയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മതത്തെ ഉപയോഗിച്ച് ഇത്തരത്തിലുള്ള വേര്‍തിരിവ് അംഗീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

“പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധിപ്പിക്കാന്‍ പറ്റില്ല. എന്റെ അഭിപ്രായത്തില്‍ ഭരണഘടന വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം സുപ്രീംകോടതി നിരസിക്കണം,” അദ്ദേഹം പറഞ്ഞു.

ഒരു മനുഷ്യന്‍ ജനിച്ച സ്ഥലമോ താമസിച്ച സ്ഥലമോ ആയിരിക്കണം പൗരത്വത്തിന് വേണ്ടി പരിഗണിക്കേണ്ടത് എന്നും അമര്‍ത്യ സെന്‍ പറഞ്ഞു. ഇത്തരത്തില്‍ മതത്തിന്റെ പേരില്‍ വിവേചനമുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യയ്ക്ക് പുറത്ത് പീഡിപ്പിക്കപ്പെടുന്ന ഒരു ഹിന്ദു സഹതാപം അര്‍ഹിക്കുന്നുണ്ടെന്നും അവരെ പരിഗണിക്കേണ്ടതുണ്ടെന്നും അമര്‍ത്യ സെന്‍ പറഞ്ഞു.

പൗരത്വം നല്‍കുന്നതിന് അവര്‍ അനുഭവിക്കുന്ന പീഡനങ്ങളും ബുദ്ധിമുട്ടുകളുമാണ് മാനദണ്ഡമാക്കേണ്ടതെന്നും അതിനെ മതവുമായി ബന്ധപ്പെടുത്തരുതെന്നും അമര്‍ത്യ സെന്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടതിന് എതിരെയും അമര്‍ത്യ സെന്‍ പ്രതികരിച്ചു. പുറത്തുളളവര്‍ ക്യാംപസ്സിന് അകത്ത് കയറി അക്രമം നടത്തുന്നത് തടയുന്നത് തടയാന്‍ സര്‍വ്വകലാശാല അധികൃതര്‍ പരാജയപ്പെട്ടുവെന്ന് അമര്‍ത്യ സെന്‍ കുറ്റപ്പെടുത്തി.

ഒരു മനുഷ്യന്‍ എവിടെയാണ് ജനിച്ചത്, എവിടെയാണ് ജീവിച്ചത് എന്നത് മാത്രമാണ് പൗരത്വത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ദേശീയ പൗരത്വ പട്ടികയ്ക്കും പൗരത്വ ദേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. സ്വാതന്ത്ര്യം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ ജനങ്ങളോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്നത് അപമാനകരമാണെന്നാണ് മമത പറഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.