1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2017

സ്വന്തം ലേഖകന്‍: യുഎസിനു നേരെ വേണ്ടിവന്നാല്‍ ആറ്റം ബോംബ് പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ, കാണാമെന്ന് ട്രംപ്, ഇരു രാജ്യങ്ങളും യുദ്ധത്തിന്റെ വക്കില്‍. പടിഞ്ഞാറന്‍ പസഫിക് മേഖലയിലൂടെ നീങ്ങുന്ന യുഎസ് പടക്കപ്പലുകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച ഉത്തര കൊറിയ മേഖലയില്‍ ഏതെങ്കിലും വിധത്തിലുള്ള പ്രകോപനമുണ്ടായാല്‍ അമേരിക്കയ്‌ക്കെതിരെ അണ്വായുധം പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കി.

ഒരാഴ്ചയ്ക്കുള്ളില്‍ കൊറിയന്‍ സമുദ്രാതിര്‍ത്തിയില്‍ എത്തുന്ന യുഎസ് യുദ്ധക്കപ്പലുകള്‍ക്കെതിരെ ഉത്തര കൊറിയന്‍ മേധാവി കിം ജോങ് ഉന്നാണ് ഭീഷണി മുഴക്കിയത്. ഉത്തര കൊറിയ അനാവശ്യ പ്രശ്‌നം ഉണ്ടാക്കാന്‍ നോക്കുകയാണെന്നും ചൈന സഹായിച്ചാലും ഇല്ലെങ്കിലും ഉത്തര കൊറിയയെ യുഎസ് കൈകാര്യം ചെയ്യുമെന്നും ട്രംപ് ഭീഷണിക്കു മറുപടിയായി ട്വിറ്ററില്‍ കുറിച്ചു.

ഉത്തര കൊറിയന്‍ രാഷ്ട്ര പിതാവ് കിം ഇ ല്‍ സുംഗിന്റെ 105 മത് ജന്മദിനവും ഉത്തര കൊറിയന്‍ സേനാദിനവു അടുത്തു വരുന്നതിനാല്‍ ഈ ദിവസങ്ങളില്‍ ഉത്തര കൊറിയ ആണവ മിസൈലോ അണുബോംബ് തന്നെയോ പരീക്ഷിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുണ്ടായാല്‍ സൈനിക പ്രതികരണം ഉണ്ടാകുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.

ഉത്തര കൊറിയയ്ക്കു സമീപത്തേക്ക് നീങ്ങുന്ന അമേരിക്കന്‍ വിമാനവാഹിനി യുഎസ്എസ് കാള്‍ വിന്‍സണും അകമ്പടിക്കപ്പലുകളും ഏതു സാഹചര്യങ്ങളും നേരിടാന്‍ തയ്യാറാണെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗും ഫോണില്‍ സംസാരിച്ചതിനു ശേഷം ചൈനീസ് സര്‍ക്കാര്‍ പത്രമായ ഗ്ലോബല്‍ ടൈംസ് ഉത്തര കൊറിയയ്ക്കു കടുത്ത മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആണവപരീക്ഷണം നടത്തിയാല്‍ ഉത്തര കൊറിയയ്‌ക്കെതിരായ കര്‍ശന ഉപരോധത്തെ ചൈന പിന്താങ്ങുമെന്നും പെട്രോളിയം നല്കില്ലെന്നും പത്രം ഭീഷണി മുഴക്കുന്നു. ഉത്തര കൊറിയയുടെ സഖ്യകക്ഷിയും മുഖ്യ സാന്പത്തിക സൈനിക സഹായിയുമായ ചൈനയെ അവഗണിക്കാന്‍ കിമ്മുനു കഴിയില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഉത്തര കൊറിയന്‍ പ്രശ്‌നം രമ്യമായി തീര്‍ത്തില്ലെങ്കില്‍ അമേരിക്കയുമായുള്ള ബന്ധം മോശമാകുകയും കയറ്റുമതിയെ ബാധിക്കുകയും ചെയ്യും എന്നത് ചൈനക്കും തലവേദനയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.