1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2015

സ്വന്തം ലേഖകന്‍: കേരളത്തിലേക്ക് ഒഴുകുന്ന പ്രവാസി പണം ഒരു ലക്ഷം കോടിയിലേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. രൂപയുടെ വില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലേക്കുള്ള പണമൊഴുക്ക് പൊടുന്നനെ വര്‍ദ്ധിക്കാന്‍ കാരണമായത്. ഈ മാസം 25 ശതമാനം വരെ വര്‍ദ്ധന പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഏറിയപങ്കും പണമൊഴുകുന്നത്.

കേരളത്തിലേക്കുള്ള പ്രവാസിപ്പണം 30 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യ നേടിയ പ്രവാസിപ്പണം 7,040 കോടി ഡോളറാണ് (ഏകദേശം നാലര ലക്ഷം കോടി രൂപ). ഇതില്‍ 71,140 കോടി രൂപയും സ്വന്തമാക്കിയത് കേരളമാണ്. ഈവര്‍ഷം കേരളത്തിലേക്കുള്ള പണമൊഴുക്ക് ഒരു ലക്ഷം കോടി രൂപയിലേക്ക് അടുക്കുന്നുവെന്ന സൂചനയാണ് കണക്കുകള്‍ നല്‍കുന്നത്.

കയറ്റുമതി, മാനുഫാക്ചറിംഗ് മേഖലകള്‍ തളര്‍ച്ച നേരിട്ടതോടെ, സ്വന്തം കറന്‍സിയായ യുവാന്റെ മൂല്യം ചൈന രണ്ട് ശതമാനം കുറച്ചതാണ് രൂപയ്ക്കും തിരിച്ചടിയായത്. രണ്ടുമാസം മുമ്പുവരെ ഡോളറിനെതിരെ 64 നിലവാരത്തില്‍ തുടര്‍ന്ന് രൂപ 66.7 വരെ കൂപ്പുകുത്തി. അമേരിക്ക പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന സൂചനകളെ തുടര്‍ന്ന് ആഗോള തലത്തില്‍ ഡോളര്‍ ശക്തിപ്പെട്ടതും രൂപക്ക് തിരിച്ചടിയായി.

ഇന്ത്യന്‍ പ്രവാസികള്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികള്‍ വന്‍ മൂല്യവര്‍ദ്ധന നേടിയിട്ടുണ്ട്. വിവിധ ഗള്‍ഫ് കറന്‍സികളുടെ നിലവാരം താഴെ, ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ഉയര്‍ന്ന നിരക്ക്).

യു.എ.ഇ ദിര്‍ഹം: 18 രൂപ (കഴിഞ്ഞ വര്‍ഷം 16 രൂപ)
ഖത്തര്‍ റിയാല്‍: 18.70 (16 രൂപ)
സൗദി റിയാല്‍: 17.29 (16.07 രൂപ)
കുവൈറ്റ് ദിനാര്‍: 218 (206 രൂപ)
ബഹ്‌റിന്‍ ദിനാര്‍: 174 (158 രൂപ)

ഒമാന്‍ റിയാല്‍: 173 (156 രൂപ)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.