1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2015

സ്വന്തം ലേഖകന്‍: പതിനെട്ടു വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഇന്നു മുതല്‍ സര്‍ക്കാര്‍ ഏജന്‍സികളിലൂടെ മാത്രം. സ്വകാര്യ ഏജന്‍സികള്‍ക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതി റദ്ദാക്കിയതിനു പകരമായുള്ള സംവിധാനം പൂര്‍ണമായി നടപ്പാകും വരെ ഇസിഎന്‍ആര്‍ (ഇമിഗ്രേഷന്‍ ചെക് നോട്ട് റിക്വയേഡ്) വ്യവസ്ഥ തുടരണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചു. ഇതോടെ ഇന്നു മുതല്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ഇല്ലാതെ നഴ്‌സുമാര്‍ക്കു വിദേശ യാത്ര ചെയ്യാന്‍ സാധിക്കില്ല.

സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയുള്ള റിക്രൂട്‌മെന്റിനു സൗകര്യമൊരുക്കാന്‍ കുവൈത്തുമായി നടത്തിയ ചര്‍ച്ച എങ്ങുമെത്തിയിട്ടില്ല. മറ്റു രാജ്യങ്ങളുമായുള്ള ചര്‍ച്ചയ്ക്ക് ഇന്ത്യന്‍ സ്ഥാനപപതി കാര്യാലയങ്ങള്‍ നടപടിയെടുത്തിട്ടുമില്ല. ഈ സാഹര്യത്തില്‍, മൂന്നുമാസം വരെയോ പുതിയ സംവിധാനം സാധ്യമാകുംവരെയോ നിലവിലെ രീതി തുടരണമെന്നു പ്രവാസികാര്യ മന്ത്രിമാരുടെ യോഗത്തില്‍ മന്ത്രി കെസി ജോസഫ് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, വ്യവസ്ഥ ഇനി ഇളവുചെയ്താല്‍ ചൂഷണം തുടരുമെന്നതാണു സ്ഥിതിയെന്നും യാത്രാനുമതിക്കുള്ള ഒറ്റപ്പെട്ട കേസുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ നഴ്‌സുമാരെ സഹായിക്കാന്‍ നോര്‍ക്ക സംവിധാനമുണ്ടാക്കുമെന്നു ജോസഫ് പിന്നീടു പറഞ്ഞു.

വിദേശ രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം കേരളത്തിലേക്കു മടങ്ങിയ നഴ്‌സുമാര്‍ക്കു സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ നല്‍കുമെന്നല്ല, തൊഴില്‍ ലഭ്യമാക്കാന്‍ സ്വകാര്യ ആശുപത്രികളെ സഹകരിപ്പിച്ചുള്ള നടപടികള്‍ക്കു ശ്രമിക്കുമെന്നാണു വ്യക്തമാക്കിയിട്ടുള്ളതെന്നും പ്രതിസന്ധിയിലായവരുടെ ജീവന്‍ രക്ഷിക്കാനാണു സര്‍ക്കാര്‍ ഇടപെട്ടതെന്നും മന്ത്രി വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.