1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2021

സ്വന്തം ലേഖകൻ: ഒമാനില്‍ വിസിറ്റ് വീസയില്‍ വരുന്ന സന്ദര്‍ശകര്‍ക്കും പ്രവാസികള്‍ക്കും ഇനി തൊഴില്‍ വീസയിലേക്ക് മാറാം. വിദേശികളുടെ താമസ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തി പൊലീസ്- കസ്റ്റംസ് ഐ ജി ലെഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ശറൈഖി ഉത്തരവിറക്കി. ഫാമിലി ജോയിനിംഗ് വീസയില്‍ വന്നവര്‍ക്കും സ്റ്റുഡന്റ് വീസയിലുള്ളവര്‍ക്കും നിശ്ചിത മാനദണ്ഡങ്ങളോടെ തൊഴില്‍ വീസയിലേക്ക് മാറാം.

ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നല്‍കുന്ന വിസിറ്റ് വീസ, സുല്‍ത്താനേറ്റിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍ നല്‍കുന്ന വിസിറ്റ് വീസ, പത്ത് ദിവസമോ ഒരു മാസമോ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസ, സിഗിള്‍- മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ്സ് വീസ, എക്‌സ്പ്രസ്സ് വീസ, ഇന്‍വെസ്റ്റര്‍ വീസ, സ്റ്റുഡന്റ് വീസ, ബോട്ടുകളിലും കപ്പലുകളിലുമുള്ള നാവികര്‍ക്ക് നല്‍കുന്ന വീസ, ആഡംബര ക്രൂസ് കപ്പലുകളിലെ യാത്രക്കാര്‍ക്കുള്ള വീസ, പാര്‍പ്പിട കേന്ദ്രങ്ങളുടെ ഉടമസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നല്‍കുന്ന വീസ ഇവയെല്ലാം തൊഴില്‍ വീസയിലേക്ക് മാറാനാകുമെന്ന് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

പൊതുതാത്പര്യം അനുസരിച്ചാണ് മാറ്റങ്ങളെന്നും പ്രവാസി താമസ നിയമവുമായി ബന്ധപ്പെട്ട രാജകീയ ഉത്തരവ് 16/95, 63/96 പ്രമേയം എന്നിവയിലാണ് ചില മാറ്റങ്ങള്‍ വരുത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി. നിശ്ചിത ഫീസ് അടച്ച് ഇങ്ങനെ തൊഴില്‍ പെര്‍മിറ്റ് നേടാം.അതായത് വ്യവസ്ഥകള്‍ അനുസരിച്ച് തൊഴില്‍ അനുമതിയോ താത്കാലിക തൊഴിലോ ലഭിക്കത്തക്ക രീതിയിലാണ് മാറ്റം വരിക. തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന ദിവസം മുതല്‍ പ്രാബല്യത്തില്‍ വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.