1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2021

സ്വന്തം ലേഖകൻ: കോവിഡിന്റെ വകഭേദമായ ഒമിക്രോൺ ഒമാനിൽ സ്ഥിരീകരിച്ചു. രണ്ടു പേർക്ക് ഒമിക്രോൺ ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിനു പുറത്തു നിന്നെത്തിയവരിലാണ് രോഗബാധ കണ്ടെത്തിയത്. അതേസമയം 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡിനെതിരെയുള്ള മൂന്നാം ഡോസ് വാക്‌സിന് സുപ്രിം കമ്മിറ്റി അനുമതി നൽകി. ഒമാനില്‍ പുതിയ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തുകയും ഒമിക്രോണ്‍ കൂടുതല്‍ രാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ചേര്‍ന്ന സുപ്രിം കമ്മിറ്റി യോഗത്തിലാണ് വാക്‌സിനേഷന് അനുമതി നല്‍കിയത്.

ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച രാത്രിയാണ് യോഗം ചേര്‍ന്നത്. മൂന്നാം ഡോസ് വാക്‌സിനേഷനുള്ള മുന്‍ഗണനാ വിഭാഗങ്ങളെയും പദ്ധതികളെയും ആരോഗ്യ മന്ത്രാലയം ഉടന്‍ തന്നെ പ്രഖ്യാപിക്കും. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരുടെ പ്രവേശനം നിരീക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. അയല്‍രാജ്യങ്ങളായ യുഎഇയിലും സൗദി അറേബ്യയിലും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഒമാനില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

ആരാധനാലയങ്ങള്‍, കായിക പ്രവര്‍ത്തനങ്ങള്‍, പ്രദര്‍ശനങ്ങള്‍, വിവാഹ ചടങ്ങുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പരിപാടികളിലെ പങ്കാളിത്തം ശേഷിയുടെ 50 ശതമാനമായി പരിമിതപ്പെടുത്താനും സുപ്രിം കമ്മിറ്റി നിര്‍ദേശിച്ചു. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണമെന്നും സുപ്രിം കമ്മിറ്റി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.