1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2021

സ്വന്തം ലേഖകൻ: ഒമാനിൽ പ്രവേശിക്കുന്നതിന് 18 വയസിനു മുകളിലുള്ള പ്രവാസികള്‍ക്ക് രണ്ടു ഡോസ് വാക്സിനേഷന്‍ നിർബന്ധമാക്കി. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വാക്സിനേഷനു പുറമെ യാത്രക്ക് മുമ്പുള്ള 72 മണിക്കൂറിനുള്ളിലെ പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലവും ഹാജറാക്കണം. കൂടാതെ ഒമിക്രോൺ വ്യാപന ഭീതി കാരണം ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് ഒമാൻ പിൻവലിച്ചു.

നവംബര്‍ 28ന് ആയിരുന്നു ഒമാൻ വിലക്ക് ഏർപ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, നമീബിയ, സിംബാബ്‌വെ, സ്വാസിലൻഡ്, ലസൂട്ടു, മൊസാംബിക് എന്നീ രാജ്യങ്ങളിൽ നിന്നും ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചിരിക്കുന്നത്. എന്നാൽ ഒമാനിൽ കൊവിഡ് കേസുകൾ ഉയരുകയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കിടെ 121 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നവംബര്‍ എട്ടിനു ശേഷം ഒരു മരണം ഇന്നലെ സ്ഥിരീകരിച്ചു.

ഒമാനിലെ കൊവിഡ് സ്ഥിതിഗതികളെ കുറിച്ച് സുപ്രീം കമ്മിറ്റി ചർച്ച ചെയ്തു. നിരവധി പേർ അധികൃതർ നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച കാണിക്കുന്നതായി സുപ്രീം കമ്മിറ്റി നിരീക്ഷിച്ചു. പൊതു-സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന തീരുമാനം കർശനമായി പാലിക്കണമെന്ന് കമ്മിറ്റി ഓർമ്മിച്ചു.

പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക് ശരിയായി ധരിക്കണം. സാമൂഹിക അകലം പാലിക്കണം. കെെകൾ വ്യത്തിയായി സൂക്ഷിക്കുക. അനാവശ്യമായ ഒത്തുകൂടലുകൾ ഒഴിവാക്കുക. തുടങ്ങിയ മുൻകരുതൽ നടപടികൾ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് ഒമാൻ സുപ്രീംകമ്മിറ്റി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.