1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2021

സ്വന്തം ലേഖകൻ: ഒമാനില്‍ ഉയര്‍ന്ന വരുമാനം നേടുന്നവര്‍ക്ക് അടുത്ത വര്‍ഷവും നികുതി ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ലെന്നു ധനമന്ത്രി സുല്‍ത്താന്‍ ബിന്‍ സാലിം ബിന്‍ സഈദ് അല്‍ ഹബ്‌സി. വാറ്റ് നിരക്ക് ഉയര്‍ത്തുകയില്ലെന്നും 2022 സാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്റെ വരുമാനം ആറ് ശതമാനം വര്‍ധിക്കുമെന്നും ദേശീയ ബജറ്റ് സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

1,580 കോടി ഒമാനി റിയാലായാണ് വര്‍ധിക്കുക. 2021 സാമ്പത്തിക വര്‍ഷത്തെ വരുമാനത്തെ അപേക്ഷിച്ചാണിത്. സര്‍ക്കാര്‍ വരുമാനത്തില്‍ 68 ശതമാനവും എണ്ണ, വാതക മേഖലയില്‍ നിന്നായിരിക്കും. എണ്ണയിതര മേഖലകളില്‍ നിന്നു 32 ശതമാനവും. ഒരു ബാരല്‍ എണ്ണക്ക് 50 ഡോളര്‍ കണക്കാക്കിയാലുള്ള 2022ലെ ധനക്കമ്മി 150 ബില്യന്‍ റിയാലായിരിക്കും. മൊത്തം വരുമാനത്തിന്റെ 15 ശതമാനവും ജിഡിപിയുടെ അഞ്ച് ശതമാനവും വരുമിത്. ഇടക്കാല സാമ്പത്തിക പദ്ധതിയില്‍ കണക്കാക്കിയ ധനക്കമ്മി പരിധിയില്‍ വരുന്നതാണിത്.

2022ലെ സര്‍ക്കാര്‍ ചെലവ് 121 കോടി റിയാലാകുമെന്നാണു കണക്കുകൂട്ടല്‍. പ്രതീക്ഷിക്കുന്ന ധനക്കമ്മിയില്‍ 110 കോടി റിയാല്‍ ആഭ്യന്തര, വിദേശ കടമെടുക്കലും ഉള്‍പ്പെടുന്നതാണ്. നീക്കിയിരിപ്പ് സ്വത്തില്‍ നിന്നു നിശ്ചിത തുക പിന്‍വലിക്കും. 270 കോടി റിയാല്‍ വായ്പാ കുടിശ്ശികയായി അടുത്ത വര്‍ഷം സര്‍ക്കാര്‍ അടക്കും. ജിഡിപിയുടെ 75 ശതമാനമാണു പൊതുകടം വരിക.

മന്ത്രാലയങ്ങളുടെ ചെലവ് 430 കോടി റിയാലായിരിക്കും. ഇതില്‍ 320 കോടി റിയാലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വേതന ഇനത്തിലാകും. 2021 അവസാനം വരെ മൊത്തം എണ്ണ വരുമാനം 56 ശതമാനവും വാതക വരുമാനം 40 ശതമാനവും വര്‍ധിച്ചപ്പോള്‍ എണ്ണയിതര വരുമാനം 14 ശതമാനവും കുറഞ്ഞു. രാജ്യാന്തര നാണ്യനിധി (ഐ എം എഫ്)യുടെ കണക്ക് പ്രകാരം നടപ്പുവര്‍ഷത്തിലെ പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചാ നിരക്ക് രണ്ടര ശതമാനമാണ്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ വളര്‍ച്ചാ നിരക്കാണിത്.

ഓഗസ്റ്റ് അവസാനം വരെ നടപ്പാക്കിയ പദ്ധതികളില്‍ റോഡ്, വിമാനത്താവളം, തുറമുഖം അടങ്ങുന്ന അടിസ്ഥാന സൗകര്യ മേഖലകള്‍ക്കാണ് അധിക പങ്കും (40.3 ശതമാനം അഥവാ 22.51 ലക്ഷം) റിയാല്‍ ലഭിച്ചത്. ആദ്യ ആറു മാസങ്ങളില്‍ ജിഡിപിയിലേക്കുള്ള സേവന മേഖലയുടെ സംഭാവന 51.7 ശതമാനമാണ്. ഈ വര്‍ഷം ആദ്യ പകുതിയില്‍ ജിഡിപി 8.7 ശതമാനം എന്ന റെക്കോര്‍ഡ് വളര്‍ച്ചയുണ്ടായി. എണ്ണയിതര മേഖലയുടെ വളര്‍ച്ച 11.1 ശതമാനമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സമയാസമയ ബോണസ് 2022 ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ മന്ത്രാലയം ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സ്വദേശിവൽക്കരണ നടപടികള്‍ക്കു പുറമെ, പൗരന്മാര്‍ക്കായി പ്രതിവര്‍ഷം 27,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

സ്‌കൂള്‍ കെട്ടിടങ്ങള്‍, ഇലക്ട്രോണിക് പദ്ധതികള്‍, മേഖലാ വികസന പദ്ധതികള്‍, സാമ്പത്തിക ഉത്തേജനം, പത്താം പഞ്ചവത്സര പദ്ധതി പ്രകാരമുള്ള മറ്റു പ്രധാന പദ്ധതികള്‍ തുടങ്ങിയവക്ക് വേണ്ടി അടുത്ത വര്‍ഷം രണ്ടര കോടി റിയാല്‍ ചെലവഴിക്കും. പെട്രോളിയം ഡെവലപ്‌മെന്റ് ഒമാനുമായി സഹകരിച്ച് അടുത്ത വര്‍ഷം 25 കോടി റിയാലിന്റെ നിക്ഷേപത്തോടെ 50 വ്യവസായ അവസരങ്ങള്‍ സൃഷ്ടിക്കും. അടുത്ത വര്‍ഷം ടൂറിസം മേഖലയില്‍ 19.3 കോടി റിയാലിന്റെ നിക്ഷേപമാണ് കണക്കാക്കിയതെന്നും മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.