1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2017

സ്വന്തം ലേഖകന്‍: കഷ്മീര്‍ താഴ്വര സംഘര്‍ഷ ഭൂമിയായി നിലനിര്‍ത്താന്‍ പാകിസ്താന്‍ വിഘടനവാദി നേതാക്കള്‍ വഴി പൊടിച്ചത് 800 കോടി രൂപ, ഐബി റിപ്പോര്‍ട്ട് പുറത്ത്. കശ്മീര്‍ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനി, ആസിയ അന്ത്രാബി അടക്കമുള്ളവര്‍ പണം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാക് ചാരസംഘടനയായ ഐഎസ്‌ഐയാണ് പണം എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും മേല്‍നോട്ടം വഹിച്ചത്.

നവംബറിലെ നോട്ട് നിരോധനത്തിന് ശേഷം പണമൊഴുക്കില്‍ കുറവു വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കല്ലേറുകാരെ സംഘടിപ്പിക്കാനും സംഘര്‍ഷം വ്യാപിപ്പിക്കാനുമാണ് പണം ചെലവഴിച്ചത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറായിരുന്ന ബുര്‍ഹാന്‍ വാനിയെ ജൂലൈയില്‍ സൈന്യം വധിച്ചിരുന്നു. തുടര്‍ന്ന് നാല് മാസത്തോളം താഴ്‌വരയില്‍ സംഘര്‍ഷം പടര്‍ന്നു. നൂറോളം പേര്‍ കൊല്ലപ്പെടുകയും ഇരുപതിനായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സമയത്താണ് വിഘടനവാദികള്‍ക്ക് ഏറ്റവും കൂടുതല്‍ പണം ലഭിച്ചത്.

വ്യത്യസ്ത വഴികളിലൂടെയാണ് പണം കൈമാറ്റം ചെയ്യപ്പെട്ടത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി നുഴഞ്ഞുകയറുന്നവരിലൂടെയാണ് പ്രധാനമായും പണം കടത്തുന്നത്. പിന്നീട് ഇടനിലക്കാര്‍ മുഖേനയും ഹവാല മാര്‍ഗ്ഗങ്ങളിലൂടെയും ഈ പണം വിഘടനവാദികളായ പ്രക്ഷോഭകാരികളില്‍ വിതരണം ചെയ്യപ്പെടുന്നു. വാനി കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പാക്കിസ്ഥാന്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാട്ടുന്നു.

വാനി വധത്തിന് ശേഷം അനുകൂല സാഹചര്യമുണ്ടായപ്പോള്‍ ഇത് പ്രാവര്‍ത്തികമാക്കുകയായിരുന്നു. ഹവാലാ ഇടപാടുകള്‍ വഴി എത്തിക്കുന്ന പണം കശ്മീരില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സുരക്ഷാ ദുര്‍ബലപ്പെടുത്തുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.