1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2015

സ്വന്തം ലേഖകന്‍: പലസ്തീനില്‍ കഴിഞ്ഞ വര്‍ഷം രൂപം കൊണ്ട ഐക്യസര്‍ക്കാര്‍ രാജിവെച്ചു. പ്രധാനമന്ത്രി റാമി ഹമദുല്ല ബുധനാഴ്ച രാത്രിയോടെ രാജി സമര്‍പ്പിച്ചതായി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അറിയിച്ചു. പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അബ്ബാസ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പലസ്തീനിലെ പ്രബല കക്ഷികളായ ഫതഹിന്റെയും ഹമാസിന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ടെക്‌നോക്രാറ്റുകളുടെ കൂടി സാന്നിധ്യമുള്ള സമവായ സര്‍ക്കാര്‍ 2014 ജൂണ്‍ രണ്ടിനാണ് രൂപം കൊണ്ടത്. വെസ്റ്റ്ബാങ്കിലെ റാമല്ല കേന്ദ്രമാക്കിയായിരുന്നു സര്‍ക്കാര്‍ ഭരണം നടത്തിയിരുന്നത്.

ഹമാസിന് ഭൂരിപക്ഷമുള്ള ഗാസയുടെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ സര്‍ക്കാറിന്റെ തകര്‍ച്ചയിലേക്ക് വഴിവെച്ചതെന്നാണ് കരുതുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ രാജിവെക്കുമെന്ന് ബുധനാഴ്ച ഉച്ചക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അബ്ബാസ് അറിയിച്ചിരുന്നു.

തുടര്‍ന്ന്, റാമി ഹമദുല്ലയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അതിനുശേഷമാണ് രാജി പ്രഖ്യാപനം ഉണ്ടായത്. സര്‍ക്കാര്‍ തീര്‍ത്തും പിരിച്ചുവിടാതെ, മന്ത്രിസഭയില്‍ കാര്യമായ അഴിച്ചു പണിയാകും അബ്ബാസ് നടത്തുകയെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

മഹ്മൂദ് അബ്ബാസിന്റെ പ്രസ്താവനക്കെതിരെ ഹമാസ് രംഗത്തു വന്നിരുന്നു. അബ്ബാസിന്റെ ഏകപക്ഷീയമായ നടപടി അംഗീകരിക്കില്ലെന്ന് ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു. തങ്ങളുമായും മന്ത്രിസഭയിലുള്ള 17 സ്വതന്ത്രരുമായും ചര്‍ച്ച നടത്തിയതിനുശേഷം മാത്രമായിരിക്കണം തീരുമാനമെന്നും ഹമാസ് ആവശ്യപ്പെട്ടു.

ഈ ആവശ്യം തള്ളിയാണ് സര്‍ക്കാര്‍ രാജിവെച്ചത്. 2006 ലെ തെരഞ്ഞെടുപ്പില്‍ ഗാസയുടെ ഭരണം ഹമാസിന് ലഭിച്ചതോടെ ഫതഹ് വെസ്റ്റ് ബാങ്കില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. പിന്നീട്, നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഗസ്സയും വെസ്റ്റ് ബാങ്കും ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ ഐക്യസര്‍ക്കാറിന് രൂപം നല്‍കാന്‍ ധാരണയായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.