1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2021

സ്വന്തം ലേഖകൻ: രഹസ്യ സമ്പാദ്യങ്ങൾക്കായി ലോകമെമ്പാടുമുള്ള പ്രമുഖർ നോട്ടമിടുന്ന സ്ഥലങ്ങളിൽ ഏറ്റവും മതിപ്പ് ലണ്ടന്. ജോർദാനിലെ അബ്ദുല്ല രണ്ടാമൻ രാജാവിനും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനും പാക്കിസ്ഥാനിലെ ചില മന്ത്രിമാർക്കും വൻതോതിൽ രഹസ്യസമ്പാദ്യങ്ങളുള്ളതു ലണ്ടനിലാണെന്നാണു പാൻഡോറ രേഖകൾ വ്യക്തമാക്കുന്നത്.

ഒന്നും ഒളിക്കാനില്ലെന്നു വ്യക്തമാക്കിയ ജോർദാൻ രാജാവ് വിവാദറിപ്പോർട്ടുകൾ നിഷേധിച്ചു. വിശ്വസ്തരുടെ രഹസ്യ ഇടപാടുകളെപ്പറ്റി അന്വേഷണം നടത്തി നടപടിയെടുക്കുമെന്നു പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചു. എന്നാൽ, അസർബൈജാൻ പ്രസിഡന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാൻഡോറ വെളിപ്പെടുത്തലുകളിൽ നികുതിവകുപ്പ് അധികൃതർ അന്വേഷണം നടത്തുമെന്നു ബ്രിട്ടിഷ് ധനമന്ത്രി ഋഷി സുനുക് പറഞ്ഞു. പുതിയ നിയമനിർമാണത്തിനു ശുപാർ‌ശ നൽകുമെന്ന് യൂറോപ്യൻ കമ്മിഷൻ അറിയിച്ചു. വിശദാംശങ്ങൾ പഠിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വ്യക്തമാക്കി.

ജോർദാന്റെ സാമ്പത്തികനില പരുങ്ങലിലാണെന്നു പറഞ്ഞു ലോകബാങ്കിനോട് അബ്ദുല്ല രണ്ടാമൻ ധനസഹായം ചോദിച്ചതിനു പിന്നാലെയാണ് യുഎസിലും ബ്രിട്ടനിലുമായി 10 കോടി ഡോളറിന്റെ ആഡംബരവസതികൾ അദ്ദേഹം സ്വന്തമാക്കിയെന്നതിന്റെ രേഖകൾ പുറത്തുവന്നത്. ബ്രിട്ടിഷ് നിയമപ്രകാരം ഇത്തരം ഇടപാടുകൾ അനധികൃതമല്ല.

ഇംഗ്ലണ്ടിലും വെയിൽസിലുമായി 87,000 വസ്തുവകകളുടെ ഉടമസ്ഥാവകാശം കടലാസുകമ്പനികളുടെ ഇടപാടുകാർക്കാണെന്ന് ഗ്ലോബൽ വിറ്റ്നസ് എന്ന സംഘടന കണ്ടെത്തിയിരുന്നു. അജ്ഞാതരായ ഉടമകളുള്ള ഇത്തരം വസ്തുവകകളിൽ 40 ശതമാനവും ലണ്ടനിലാണ്. ഇവയ്ക്കെല്ലാം കൂടി ആകെ 10,000 കോടി പൗണ്ട് വിലമതിക്കുന്നു.

ഇറാനിലും ഇന്ത്യയിലും കുടുംബ വേരുകളുള്ള, കെനിയയിൽ ജനിച്ച ബ്രിട്ടിഷ് പൗരൻ മുഹമ്മദ് അമെർസിയുടെ നികുതിവെട്ടിപ്പുകളും പാൻഡോറ രേഖകളിലുണ്ട്. ബ്രിട്ടനിലെ കൺസർവേറ്റിവ് പാർട്ടിയുടെ ധനസ്രോതസ്സുകളി‍ൽ പ്രധാനിയാണ് ഇദ്ദേഹം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.