1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2015

സ്വന്തം ലേഖകന്‍: ആറന്മുള വിമാനത്താവളം, പ്രതീക്ഷ അസ്തമിക്കുന്നു, പത്തനംതിട്ടയില്‍ പുതിയ വിമാനത്താവളത്തിന് നീക്കം. ഡല്‍ഹി ആസ്ഥാനമായുള്ള ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷനാണു പത്തനംതിട്ട കേന്ദ്രീകരിച്ച് വിമാനത്താവളം നിര്‍മ്മിക്കാന്‍ പദ്ധതി മുന്നോട്ടുവച്ചതായി മംഗളം പത്രമാണ് റിപ്പോര്‍ട്ടു ചെയ്തത്.

ഇതിനായി ഇന്തോ ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയും നിലവില്‍ വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതിനു പിന്നാലെ വ്യോമയാന മന്ത്രാലയം ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകളും നടന്നു.

ആറന്മുള വിമാനത്താവളത്തിനു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ പുതിയ വ്യോമയാന നയത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ പങ്കാളിത്തത്തോടെ വിമാനത്താവളം നിര്‍മിക്കാനാണു നീക്കം. ഇതിനായി വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കും.

പ്രവാസി മലയാളികളുടെ പിന്തുണയും പദ്ധതിക്ക് ഉറപ്പാക്കും. കേരളത്തില്‍ ഇത്തരത്തിലുള്ള ഏതു പദ്ധതികള്‍ വന്നാലും സര്‍ക്കാരിന് അനുകൂല നിലപാടാണെന്ന് പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.
പ്രവാസികള്‍ കൂടുതലുള്ള മധ്യ തിരുവിതാങ്കൂര്‍ പ്രദേശമെന്ന നിലയിലാണ് പത്തനംതിട്ട തെരഞ്ഞെടുത്തതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട പഠനത്തിനു ബംഗളുരു ആസ്ഥാനമായുള്ള ഏജന്‍സിയെ ചുമതലപ്പെടുത്തും. 2000 കോടി മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ സര്‍ക്കാരിന്റെ പങ്കാളിത്തത്തിനൊപ്പം പ്രവാസികള്‍ അടക്കമുള്ള സാധാരണക്കാര്‍ക്കും ഓഹരികള്‍ ലഭ്യമാക്കാനാണു തീരുമാനം. ജനകീയ പങ്കാളിത്തമാണ് ഉന്നമിടുന്നതെന്ന് കമ്പനി ഡയറക്ടര്‍ ജ്യോതിഷ് തങ്കച്ചന്‍ പറഞ്ഞു.

ആറന്മുള വിമാനത്താവളത്തിനു പുറമേ പൈതൃകനഗരം കേന്ദ്രീകരിച്ചു ടൗണ്‍ഷിപ്പും രുപപ്പെടുത്താനുള്ള കെ.ജി.എസ്. ഗ്രൂപ്പിന്റെ പദ്ധതികള്‍ക്ക് ഇതോടെ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.