1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2015

പൂഞ്ഞാര്‍ പുലി എന്നറിയപ്പെടുന്ന സാക്ഷാല്‍ പി സി ജോര്‍ജ് എന്നും അങ്ങിനെയാണ്.ആരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്നങ്ങ് പറഞ്ഞുകളയും.അത് ആരെക്കുറിച്ചായാലും പുള്ളിക്കാരന് ഒരു പേടിയും ഇല്ല.ഒരല്‍പം ഇഷ്ട്ടക്കെടുള്ള ആളാണെങ്കില്‍ കൊന്നു കൊലവിളിച്ചത് തന്നെ. പക്ഷെ അദ്ദേഹം പറയുന്നതില്‍ എപ്പോഴും ചില കഴമ്പുകള്‍ ഉണ്ട് താനും.അതുകൊണ്ട് തന്നെ സ്വന്തം നാട്ടിലും നിയോജക മണ്ഡലത്തിലും അദ്ദേഹം എന്നും ജനകീയനാണ്.ഇപ്പോഴിതാ ഈ മുന്‍ ചീഫ് വിപ്പ് കേരള മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയെ തന്നെ ലക്ഷ്യം വച്ച് ഉതിര്‍ത്ത ഒരു വെടി രാഷ്ട്രീയ കേരളവും സാധാരണ ജനങ്ങളും ഒന്നടങ്കം ചര്‍ച്ച ചെയുന്ന പൂരമായി മാറിയിരിക്കുന്നു.

സംഭവം ഇതാണ് .ഭരണത്തില്‍ കേറിയ അന്നുമുതല്‍ പുലിവാലുകളുടെ ഘോഷ യാത്ര യായി മാറിയ യു ഡി എഫ് കോട്ടയുടെ സല്‍പ്പേര് വീണ്ടെടുക്കാന്‍ പഠിച്ച പണി പലതും പയറ്റി രക്ഷപെടാതെ ഒടുവില്‍ ജനസമ്പര്‍ക്ക പരിപാടിയും ആയി ഇറങ്ങി ഒരല്‍പം പേരെടുത്തു വരുകയായിരുന്ന ഉമ്മന്‍ ചാണ്ടിയെ ഒറ്റ പ്രസ്ഥാവനയില്‍ പി സി ഇരുത്തി കളഞ്ഞു എന്ന് വേണം പറയാന്‍.കൃഷി നശിച്ചതിന്റ്‌റെയും കടബാധ്യതകളുടെയും ഒക്കെ നിവേദനങ്ങള്‍ ജനങ്ങളില്‍ നിന്ന് നേരിട്ട് സ്വീകരിച്ചു പരിഹാരം കാണാനുള്ള മുഖ്യന്റ്‌റെ നീക്കം ഏറെ പരിഹാസ്യം എന്നാണ് പി സിയുടെ വാദം.ഒരു സാദാ വില്ലേജ് ഓഫീസര്‍ ചെയേണ്ട പണിയാണ് മുഖ്യന്‍ ലക്ഷങ്ങള്‍ ചിലവാക്കി കേരളമാകെ ഓടിനടന്ന് ചെയുന്നത് എന്ന് അദ്ദേഹം തുറന്നടിച്ചു.

പ്രതിയോഗികളെ ഒതുക്കാന്‍ പല ആരോപണങ്ങളും രാഷ്ട്രീയക്കാര്‍ ഉതിര്‍ക്കുമെങ്കിലും പി സി ജോര്‍ജ് മുഖ്യമന്ത്രിയെ ഒരു സാദാ വില്ലേജ് ഓഫീസര്‍ ആക്കിയതില്‍ ചില സത്യങ്ങള്‍ ഉണ്ട് എന്നാണ് ജനസംസാരം .ജനങ്ങളുടെ പ്രശ്‌നങ്ങള്‍ വേണ്ട വിധം പരിഹരിക്കാനുള്ള താഴെ തട്ടിലെ ഭരണ കേന്ദ്രങ്ങളായ പഞ്ചായത്ത്,വില്ലേജ് തലങ്ങളിലുള്ള കെടുകാര്യസ്ഥത മൂലമാണ് പാവം ജനങ്ങളുടെ പരാതികള്‍ കൂടി കൂടി വരുന്നത്.വില്ലേജ്, പഞ്ചായത്ത് ഓഫീസുകളില്‍ പോയി ഫലം കാണാത്ത നിവേദനങ്ങളാണ് ജനസമ്പര്‍ക്ക പരിപാടികളില്‍ കൂടുതലും.മിക്കവയും തന്നെ പതിനായിരം രൂപയ്ക്കു താഴെ തീര്‍പ്പ് കിട്ടാനുള്ള പ്രശ്‌നങ്ങള്‍ തന്നെ.ഉച്ച ഭക്ഷണം പോലും കഴിക്കാതെ പൊരിവെയിലത്തും മഴയത്തും കഷ്ട്ടപ്പെട്ടു കേരളം മുഴുവന്‍ ഓടി നടന്ന് ജനങ്ങളുടെ പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതിനു പകരം അതിനു ചുമതലപ്പെട്ട പഞ്ചായത്ത് ,വില്ലേജ് തുടങ്ങിയ കേന്ദ്രങ്ങളിലെ ഉദ്ധ്യോഗസ്ഥര്‍ നേരാം വണ്ണം തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുള്ള നടപടികള്‍ ശക്തമായി സ്വീകരിക്കുകയാണ് ഒരു മുഖ്യന്‍ എന്ന നിലയില്‍ ശ്രീ ഉമ്മന്‍ ചാണ്ടി ആദ്യം ചെയേണ്ടത് എന്നാണ് പി സി ജോര്‍ജിന്റ്‌റെ അഭിപ്രായം.ഈ അഭിപ്രായത്തോട് ആര്‍ക്കും എതിര്‍പ്പ് ഉണ്ടാവാന്‍ യാതൊരു വഴിയും ഇല്ല എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഈ പ്രസ്താവന അദ്ദേഹം നടത്തിയതും.ഇത്തരം തുറന്നു പറച്ചിലുകളാണ് അരുവിത്തറക്കാരുടെ സ്വന്തം ജോര്ജച്ചായനെ എന്നും ജനകീയനാക്കി നില നിറുത്തുന്നതും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.