1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2015

സ്വന്തം ലേഖകന്‍: ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് പീഡോഫൈലുകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടു തുടങ്ങിയ മലയാളം ഫേസ്ബുക്ക് പേജുകള്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടു പൂട്ടിച്ചത്. അതിനു തൊട്ടു പുറകെ തമിഴിലും ജനരോഷം കാരണം അത്തരം രണ്ടു സൈറ്റുകള്‍ കൂടി പൂട്ടി.

പൂട്ടിയ രണ്ടു തമിഴ് സൈറ്റുകളിലും കുട്ടികളുടെ സാധാരണ ഫോട്ടോകള്‍ പലയിടങ്ങളില്‍ നിന്നായി അനുവാദമില്ലാതെ പോസ്റ്റ് ചെയ്തിരിക്കുകയാണ്. അതിനു താഴെയുള്ള കമന്റുകളിലാണ് അശ്ലീലത്തിന്റെ വിളയാട്ടം. ഈ കുട്ടിയെ നിങ്ങള്‍ക്ക് എന്തു ചെയ്യണം എന്ന മട്ടിലാണ് പിഞ്ചു കുഞ്ഞുങ്ങളുടെ ഫോട്ടോകളുടെ അടിക്കുറിപ്പ്.

കൂട്ടത്തിലൊരു പേജിന് 3,395 ലൈക്കുകള്‍ വരെയുണ്ട്. മിക്ക ചിത്രങ്ങള്‍ക്കു താഴേയും ലൈംഗിക ചുവയുള്ള കമ്മന്റുകളും കാണാം. പേജിന്റെ അഡ്മിനാകട്ടെ ഒരു പടി കൂടി കടന്ന് ലൈക്ക് ചെയ്തവരോട് കൂടുതല്‍ ചിത്രങ്ങള്‍ അയച്ചു തരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

അല്പം പ്രായം കൂടിയ പെണ്‍കുട്ടികളുടെ ഫോട്ടോ പോസ്റ്റ് ചെയ്യുന്ന മറ്റൊരു പേജാകട്ടെ കൂട്ടബലാത്സംഗം പോലുള്ള അടിക്കുറിപ്പുകളാണ് ഓരോ ഫോട്ടോക്കും താഴെ ഉപയോഗിക്കുന്നത്.

നഗ്‌ന ചിത്രങ്ങളും ലൈംഗിക ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നത് തടയാന്‍ ഫേസ്ബുക്കിന് കാര്യക്ഷമമായ സംവിധാനമുണ്ട്. എന്നാല്‍ ആ സംവിധാനത്തിലെ പഴുതു മുതലാക്കിയാണ് ഇത്തരം പേജുകളുടെ പ്രവര്‍ത്തനം.

പ്രകടമായ നഗ്‌നനതയോ ലൈംഗികതയോ ഇല്ലാത്ത, മാതാപിതാക്കളും ബന്ധുക്കളും വിവിധ ആഘോഷവേളകളിലും മറ്റും എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കമായ ഫോട്ടോകള്‍ മോഷ്ടിച്ച് ദുരുപയോഗം ചെയ്യുകയാണ് ഇത്തരം സാമൂഹിക വിരുദ്ധരുടെ രീതി.

ഇവയില്‍ പല പേജുകളും കഴിഞ്ഞ ഒരു വര്‍ഷമായി സജീവമായിരുന്നവയാണ്. എന്തായാലും ഇത്തരം പേജുകളെ കുറിച്ചുള്ള പരാതികള്‍ വ്യാപകായതോടെ അധികൃതര്‍ നിലപാടും കര്‍ശനമാക്കിയതായാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.