1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2019

സ്വന്തം ലേഖകന്‍: ‘കമ്മ്യൂണിസ്റ്റുകാര്‍ സംസ്‌കാരത്തെ ബഹുമാനിക്കുന്നില്ല, കോണ്‍ഗ്രസിന് നിലപാടുകളില്‍ ഇരട്ടത്താപ്പ്,’ ശബരിമലയും നമ്പി നാരായണന്റെ പത്മ പുരസ്‌കാരവും രാഷ്ട്രീയ ആയുധമാക്കി യുഡിഎഫിനേയും എല്‍ഡിഎഫിനേയും കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി; കൊച്ചിന്‍ റിഫൈനറി വികസന പദ്ധതി ഉദ്ഘാടനം ചെയ്തു. ഐആര്‍ഇപി പദ്ധതി രാജ്യത്തിന്റെ അഭിമാനമാണെന്ന് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി പറഞ്ഞു. ഐആര്‍ഇപി പദ്ധതി രാജ്യത്തിന് അഭിമാനമാണ്. രാജ്യത്തിന്റെ വികസനത്തിന് കൊച്ചിന്‍ റിഫൈനറി സുപ്രധാന പങ്ക് വഹിക്കുന്നു.

രാജ്യം റിഫൈനറി ഹബ്ബായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി കൊച്ചിയിലെ വ്യവസാ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും കൊച്ചിയിലേക്ക് പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ എത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
2016 മെയ് മാസം മുതല്‍ ആറുകോടിയോളം സാധാരണക്കാര്‍ക്ക് ഉജ്ജ്വല യോജന വഴി എല്‍.പി.ജി കണക്ഷന്‍ നല്‍കി. ഒരുകോടിയോളം ആളുകള്‍ സാധാരണക്കാര്‍ക്കുവേണ്ടി എല്‍.പി.ജി. സബ്‌സിഡി ഉപേക്ഷിച്ചു. 23 കോടിയോളം ആളുകള്‍ പഹല്‍ യോജനയില്‍ പങ്കാളികളായി.

ഇതുവഴി നിരവധി അനര്‍ഹരെ കണ്ടെത്താന്‍ സാധിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതിയാണ് പഹല്‍ എന്നും മോദി അവകാശപ്പെട്ടു. സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി വഴി പരിസ്ഥിതി സൗഹൃദ ഇന്ധനം ഉപയോഗിക്കുന്നത് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ്. രാജ്യത്തെ 400 ജില്ലകള്‍ ഇതിനകം പദ്ധതിയുടെ കീഴില്‍ വന്നു. പെട്രോളിയം ഇറക്കുമതി കുറയ്ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

തൃശൂരില്‍ യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുവെ കമ്മ്യൂണിസ്റ്റുകാര്‍ കേരള സംസ്‌കാരത്തെ അപമാനിച്ചുവെന്നും ഇത്തരം സമീപനം എന്തിനാണെന്നു മനസ്സിലാകുന്നില്ലെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു. ശബരിമല ക്ഷേത്ര വിഷയം ഇന്ന് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചു. യുഡിഎഫ് ഡല്‍ഹിയില്‍ പറയുന്നത് ഒന്ന് ഇവിടെ പറയുന്നത് മറ്റൊന്ന്. സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ ഇരുവര്‍ക്കും ഒരു താല്‍പര്യവുമില്ല. അല്ലെങ്കില്‍ മുത്തലാഖ് ബില്ലിനെ അവര്‍ എതിര്‍ക്കുമായിരുന്നില്ല. ഒരു കമ്യൂണിസ്റ്റ് വനിതാ മുഖ്യമന്ത്രിയെയെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ? പ്രതിപക്ഷത്തിന് ആശയ പാപ്പരത്തം ബാധിച്ചു. മോദിയെ ആക്ഷേപിക്കല്‍ മാത്രമാണ് അവരുടെ പണിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

നമ്പി നാരായണനെ ആദരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് എങ്ങനെയാണ് രാജ്യത്തിന്റെ സംവിധാനങ്ങളെ തന്ത്രപരമായി ദുരുപയോഗം ചെയ്യുന്നത് എന്നതിന്റെ ഉദാഹരമാണ് നമ്പിനാരായണനെ എതിരായ ചാരക്കേസ്. പദ്മ അവാര്‍ഡ് കൊടുത്ത് അദ്ദേഹത്തിനെ ആദരിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചുവെന്നത് വലിയ ബഹുമതിയായി കണക്കാക്കുന്നു. ഇന്ത്യയെ ശാസ്ത്രത്തെ അഭിമാനമാക്കി മാറ്റാന്‍ ആഗ്രഹിക്കുമ്പോള്‍ അവര്‍ക്കത് ചാരക്കേസിനുള്ള മാര്‍ഗമാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.

ഉച്ചയ്ക്ക് 2.10 ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രി വി.എസ്. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. വിമാനത്തിന് യന്ത്രത്തകരാറുണ്ടായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിയാണ് കൊച്ചിയിലെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.