
സ്വന്തം ലേഖകൻ: സാറാ എവറാർഡിന്റെ തിരോധാനത്തിൽ പ്രതിഷേഷവുമായി ഒത്തുകൂടിയവരും മെട്രോപൊളിറ്റൻ പോലീസും തമ്മിൽ ഉരസൽ. സംഭവം വിവാദമായതോടെ പോലീസ് കമ്മീഷണർ ഡാം ക്രെസിഡ ഡിക്ക് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിമർശകർ രംഗത്തെത്തി. ക്ലാഫാം കോമണിലെ ഒത്തുചേരലിനിടെ പോലീസുകാർ ആളുകളോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടതാണ് പ്രശ്നത്തിൻ്റെ തുടക്കം.
ഒരു ഘട്ടത്തിൽ പോലീസുകാർ നിരവധി സ്ത്രീകളെ പിടിച്ച് വിലങ്ങളിയിച്ച് കൊണ്ടുപോയതായും ദൃക്സാക്ഷികൾ പറയുന്നു. തെക്കൻ ലണ്ടൻ വിജിലിൽ പങ്കെടുത്ത നാലു പേരെ പബ്ലിക് ഓർഡർ കുറ്റങ്ങളും കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘനവും ചുമത്തി അറസ്റ്റ് ചെയ്തതായി സ്കോട്ട്ലൻഡ് യാർഡ് സ്ഥിരീകരിച്ചു.
പോലീസ് നടപടികളുടെ ഫൂട്ടേജ് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പ്രതികരിച്ചു. എന്താണ് സംഭവിച്ചതെന്ന് പൂർണ്ണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പട്ടേൽ സ്ഥിരീകരിച്ചു. ഡാം ക്രെസിഡയുമായി ബന്ധമപ്പെട്ട് അടിയന്തിരമായി വിശദീകരണം തേടിയതായി മേയർ സാദിഖ് ഖാൻ വ്യക്തമാക്കി.
പുരുഷ അക്രമത്തിനെതിരെ സംഘടിപ്പിക്കുന്ന ഒത്തുചേരലുകൾക്കിടെ പോലീസ് ഉദ്യോഗസ്ഥർ സ്ത്രീകളെ ബലം പ്രയോഗിച്ച് പിരിച്ചു വിടുന്നതിൽ രാജ്യമെമ്പാടുമുള്ള സ്ത്രീകൾ വളരെയധികം ദുഃഖിതരാണെന്നും പ്രകോപിതരാണെന്നും പ്രതിഷേധക്കാരുടെ കൂട്ടായ്മനായ റിക്ലെയിം തീസ് സ്ട്രീറ്റ്സ് പറഞ്ഞു.
ദുരൂഹ സാഹചര്യത്തിൽ കാണാതായ 33 കാരി സാറാ എവറാർഡിൻ്റേത് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങൾ കെന്റിലെ ആഷ്ഫോർഡിലെ വനഭൂമിയിൽ പോലീസ് കണ്ടെത്തിയതായി കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മാർച്ച് 3 ബുധനാഴ്ച തെക്കൻ ലണ്ടനിലെ ക്ലാഫാമിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് ബ്രിക്‌സ്റ്റണിലുള്ള വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് സാറയെ കാണാതായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിക്കൊണ്ടു പോകൽ, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി ഒരു മെട്രോപൊളിറ്റൻ പോലീസ് ഉദ്യോഗസ്ഥനെ ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. സാറാ എവറാർഡിന്റെ തിരോധാനത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സ്ത്രീകളുടെ പ്രതിഷധവും ശക്തമാകുകയാണ്.
ആരും അപകടപ്പെടുത്താതെ സുരക്ഷിതരായി ജീവിക്കാൻ ഓരോ ദിവസവും നേരിടുന്ന വെല്ലുവിളികൾ ഉയർത്തിക്കാട്ടിയാണ് വിവിധ രംഗങ്ങളിലെ വനിതകൾ രംഗത്തെത്തുന്നത്. തെരുവുകളിൽ ഭീഷണി നേരിടുന്നവർക്കായി സർക്കാർ സംവിധാനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പ്രതിഷേധക്കാർ നിർദേശിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല