1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2020

സ്വന്തം ലേഖകൻ: വിപണി ശക്തികളും അവയുടെ സാമ്പത്തിക നയങ്ങളും സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നതിൽ പരാജയപ്പെട്ടുവെന്നു കൊവിഡ് പ്രതിസന്ധി വ്യക്തമാക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ.

ചിലർ അത്യാഢംബരത്തിൽ ആറാടുകയും മറ്റു ചിലർ ഒന്നുമില്ലാതെ ദാരിദ്ര്യത്തിൽ കഴിയുകയും ചെയ്യുമ്പോൾ സ്വകാര്യസ്വത്ത് പരമമായ അവകാശമായി പരിഗണിക്കാനാവില്ലെന്നും സാഹോദര്യത്തിന്റെ സന്ദേശം നൽകുന്ന ‘ഫ്രത്തേല്ലി തൂത്തി’ (ഏവരും സോദരർ) എന്ന പുതിയ ചാക്രികലേഖനത്തിൽ മാർപാപ്പ വ്യക്തമാക്കി.

അസീസിയിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ചരമദിനമായ ശനിയാഴ്ച വിശുദ്ധന്റെ കബറിടത്തിൽ കുർബാന അർപ്പിച്ച ശേഷമാണു മാർപാപ്പ ചാക്രികലേഖനത്തിൽ ഒപ്പുവച്ചത്.

വിശ്വസാഹോദര്യം, കുടിയേറ്റം, അസമത്വം, ആരോഗ്യരക്ഷാരംഗത്തെ അസന്തുലിതാവസ്ഥ, വിഭാഗീയത, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കുന്നതാണു ചാക്രികലേഖനം. സമ്പന്നർക്കു നികുതി ഇളവുകളും മറ്റും നൽകുന്നതു കൂടുതൽ നിക്ഷേപത്തിനും തൊഴിലിനും സഹായിക്കുമെന്ന ധാരണ ശരിയല്ലെന്ന് തെളിഞ്ഞതായി മാർപാപ്പ പറഞ്ഞു.

പരസ്പരം സഹകരിച്ചും സഹായിച്ചും മാത്രമേ ഈ മഹാമാരിയിൽ നിന്ന് നമുക്കു കരകയറാനാവൂ. കൊവിഡിനൊപ്പം അനീതിയുടെയും അസമത്വത്തിന്റെയും സ്വാർഥതയുടെയും വൈറസിനെക്കൂടി നശിപ്പിക്കേണ്ടതുണ്ടെന്നും മാർപാപ്പ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.