1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2017

 

സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയത് പണം തട്ടാന്‍, ആരും ക്വട്ടേഷന്‍ നല്‍കിയിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനില്‍, എല്ലാം ചെയ്തത് കാമുകിക്ക് വേണ്ടിയെന്ന് സൂചന. ആര്‍ഭാട ജീവിതത്തിനു പണം കണ്ടെത്താനായി ഏതെങ്കിലും സെലിബ്രിറ്റിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്താനാണു ലക്ഷ്യമിട്ടതെന്നും അതില്‍ യുവനടി വന്നു വീഴുകയായിരുന്നെന്നും അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴി. നടി റിമാ കല്ലിങ്കലിനെ മുമ്പ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ ശ്രമം പാളിയതായും സുനി പോലീസിനോടു പറഞ്ഞു. തട്ടികൊണ്ടുപോകല്‍ വീഡിയോ പകര്‍ത്തിയ ശേഷം ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നെന്നും ക്വട്ടേഷനല്ലെന്നും സുനി പോലീസിനോട് പറഞ്ഞു. ബുധനാഴ്ച കൊച്ചിയിലെത്തിയെന്നും അന്നും കോടതിയില്‍ കീഴടങ്ങാന്‍ ശ്രമം നടത്തിയതായും സുനി പോലീസിനോട് സമ്മതിച്ചു.

അന്വേഷണ സംഘം നടത്തിയ വിശദമായ ചോദ്യംചെയ്‌ലിയലാണ് സുനി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിനുമായി ഒരുമാസത്തിലേറെയായി ഗൂഢാലോചന നടത്തിയിരുന്നെന്നും സുനി വെളിപ്പെടുത്തി. 50 ലക്ഷം രൂപ തട്ടാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നടി പോലീസില്‍ പരാതി നല്‍കിയതോടെ പദ്ധതി പൊളിയുകയായിരുന്നെന്നും ഇയാള്‍ പറയുന്നു. നടിയോട് പിറ്റേദിവസം വിളിക്കാമെന്ന് പറഞ്ഞത് പണം ചോദിക്കുന്നതിന് വേണ്ടിയാണെന്നും നടിയുടെ വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിനും മാത്രമേ പദ്ധതിയെ കുറിച്ച് അറിവുണ്ടായിരുന്നു എന്നും സുനി പോലീസിനോട് പറഞ്ഞിട്ടുണ്ട്. പണം തട്ടിയെടുത്ത് കാമുകിയ്‌ക്കൊപ്പം ജീവിക്കാനായിരുന്ന ലക്ഷ്യമെന്നും സുനി പോലീസിനോട് വെളിപ്പെടുത്തി.

പിടിക്കപ്പെടുമെന്ന് തോന്നിയതോടെ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഓടയില്‍ ഉപേക്ഷിച്ചെന്നും സുനി പോലീസിനോട് പറഞ്ഞു. എന്നാല്‍ ഫോണ്‍ ഉപേക്ഷിച്ചെന്നു പറഞ്ഞ സ്ഥലത്ത് സുനിയുമായി എത്തി പരിശോധന നടത്തിയെങ്കിലും പോലീസിന് ഫോണ്‍ കണ്ടെത്താനായില്ല. അതേസമയം നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയാണെന്നും മറ്റാരുടെയങ്കിലും പേരില്‍ അഭ്യൂഹം പരത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യുവ നടന്‍, യുവ നടി എന്നെല്ലാം പറഞ്ഞുള്ള പ്രചരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ കുറച്ചു കൂടി മാന്യത കാട്ടണമെന്നും പ്രതികളെ കോടതി മുറിക്കുള്ളില്‍ നിന്ന് അറസ്റ്റ് ചെയ്ത രീതി തെറ്റല്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

കേസില്‍ പള്‍സര്‍ സുനിയേയും കൂട്ടാളി ബിജീഷിനേയും ആലുവാ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പോലീസ് കസ്റ്റഡിക്കായുള്ള അപേക്ഷ ശനിയാഴ്ച പരിഗണിക്കും.കസ്റ്റഡി അപേക്ഷയും മെഡിക്കല്‍ റിപ്പോര്‍ട്ടും വൈകിയതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇരുവരെയും കനത്ത സുരക്ഷയില്‍ കാക്കനാട് ജില്ലാ ജയിലിലേയ്ക്ക് മാറ്റി.
മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം പോലീസ് വാഹനത്തിലേയ്ക്ക് കയറിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ നോക്കി ചിരിച്ച സുനി കുടുക്കിയതാണോ എന്ന ചോദ്യത്തിന് അല്ലെന്നും കസ്റ്റഡി കഴിയട്ടേ, എന്നിട്ട് എല്ലാം പറയാമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

പള്‍സര്‍ സുനിക്കുവേണ്ടി ആലുവ കോടതിയില്‍ ഹാജരാകുമെന്ന് അഡ്വ. ബി.എ ആളൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ഹാജരാകണമെന്ന് സുനിയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വരുന്നതെന്നും ആളൂര്‍ പറഞ്ഞു. സമാനമായ നിരവധി കേസുകളില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനാണ് അഡ്വ.ആളൂര്‍. സൗമ്യ വധക്കേസ് പ്രതിയായ ഗോവിന്ദസ്വാമിക്ക് വേണ്ടിയും കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനുവേണ്ടിയും ഇന്‍ഫോസിസ് ജീവനക്കാരിയും കോഴിക്കോട് സ്വദേശിനയുമായ രസീല രാജു കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സെക്യൂരിറ്റി ജീവനക്കാരനുവേണ്ടിയും ഹാജരായതും ആളൂരായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.