
സ്വന്തം ലേഖകന്‍: പ്രണബ് മുഖര്‍ജി, ഭൂപന്‍ ഹസാരിക, നാനാജി ദേശ്മുഖ് എന്നിവര്‍ക്ക് ഭാരതരത്ന; മോഹന്‍ലാലിനും നമ്പിനാരായണനും കുല്‍ദീപ് നയ്യാര്‍ക്കും പദ്മഭൂഷണ്‍; കമാന്‍ഡര്‍ അഭിലാഷ് ടോമിക്കും പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് മലയാളി ഉദ്യോഗസ്ഥനും സേനാ മെഡല്‍. മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിക്കും ആര്.എസ്.എസിന്റെയും ഭാരതീയ ജനസംഘിന്റെയും മുതിര്‍ന്ന നേതാവായിരുന്ന നാനാജി ദേശ്മുഖിനും അസമീസ് സംഗീതപ്രതിഭ ഭൂപെന്‍ ഹസാരികയ്ക്കും ഭാരതരത്നം ബഹുമതി.
രാജ്യത്തിനു നല്കിയ സംഭാവനകള്‍ പരിഗണിച്ച് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി നല്കുന്ന രാജ്യത്തെ ഏറ്റവും ഉന്നതബഹുമതിക്കാണ് മൂവരും അര്‍ഹരായത്. നാനാജി ദേശ്മുഖിനും ഭൂപെന്‍ ഹസാരികയ്ക്കും മരണാനന്തര ബഹുമതിയായാണ് ഭാരതരത്നം നല്‍കുന്നത്. കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയും രാഷ്ട്രപതിയുമായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ലഭിച്ച ബഹുമതിയാണ് ഇവയില്‍ ശ്രദ്ധേയം. പതിമ്മൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് 2012 മുതല്‍ ’17 വരെയാണ് പദവി വഹിച്ചത്.
ആര്.എസ്.എസിനും ഭാരതീയ ജനസംഘിനും അടിത്തറയിട്ട ആദ്യകാല നേതാക്കളില്‍ പ്രമുഖനും താത്ത്വികാചാര്യനുമാണ് നാനാജി ദേശ്മുഖ്. ബാലഗംഗാധര തിലകിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് അദ്ദേഹം സാമൂഹിക പ്രവര്ത്തനരംഗത്തിറങ്ങിയത്. വിദ്യാഭ്യാസകാലത്തുതന്നെ ആര്.എസ്.എസില്‍ ചേര്‍ന്നു.
അസമിന്റെ സംഗീതലോകത്തുനിന്ന് രാജ്യവും ലോകവുമറിയുന്ന സംഗീതജ്ഞനായി വളര്‍ന്ന ഭൂപെന്‍ ഹസാരികയ്ക്കുള്ള ബഹുമതി സംഗീതത്തിനും വടക്കുകിഴക്കന്‍ മേഖലയ്ക്കുമുള്ള അംഗീകാരമാണ്. സുധാകാന്ത എന്നറിയപ്പെട്ടിരുന്ന ഹസാരിക സംഗീതത്തിനപ്പുറം അസമിന്റെ സാമൂഹിക ജീവിതത്തിലും സജീവ സാന്നിധ്യമായിരുന്നു.
നടന് മോഹന്‍ലാലിനും ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണനും അന്തരിച്ച മുന്‍ മാധ്യമ പ്രവര്ത്തകന് കുല്‍ദീപ് നയ്യാരും അടക്കം 14 പേര്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചു. ഗായകന് കെ.ജി. ജയന്, പുരാവസ്തു ഗവേഷകന് കെ.കെ. മുഹമ്മദ്, ശ്രീനാരായണധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, കൊല്‍ക്കത്ത ടാറ്റ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. മാമ്മന്‍ ചാണ്ടി എന്നിവര്‍ക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു.
അന്തരിച്ച ഹിന്ദി നടന് കാദര്‍ ഖാന് (മരണാനന്തരം) ഉള്‍പ്പെടെ 94 പേരാണ് പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായത്. ബോളിവുഡ് നടന് മനോജ് ബാജ്പേയ്, ഫുട്ബോള്‍ താരം സുനില്‍ ഛേത്രി, തമിഴ് നടന് പ്രഭു ദേവ, ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ഗായകന് ശങ്കര്‍ മഹാദേവന്, ഡ്രമ്മിസ്റ്റ് ശിവമണി, ഗുസ്തി താരം ബജ്രംഗ് പുനിയ തുടങ്ങിയവരും പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി.
നാടന്‍ കലാകാരന് തീജന്‍ ബായ്, കിഴക്കന്‍ ആഫ്രിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്ത്തകന് ഇസ്മായില്‍ ഉമര്‍ ഗുലെ, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ കമ്പനി ചെയര്മാന് അനില്‍ മണിഭായ് നായിക്, മറാഠി നാടകാചാര്യന് ബല്‍വന്ത് മൊറേശ്വര്‍ പുരന്ദരെ എന്നിവര്‍ക്കാണു പത്മവിഭൂഷണ്‍ പുരസ്കാരം.
പ്രളയത്തിലകപ്പെട്ട കൈക്കുഞ്ഞിനെ രക്ഷിച്ച വ്യോമസേന ഗരുഡ് കമാന്‍ഡോ വിങ് കമാന്‍ഡര്‍ പ്രശാന്ത് നായര്‍ ധീരതക്കുള്ള വായുസേനാ മെഡലിന് അര്‍ഹനായി. രണ്ട് ഗര്‍ഭിണികളെ രക്ഷിച്ച സേനാംഗങ്ങളെ വഹിച്ചുള്ള ചേതക് ഹൈലികോപ്ടര്‍ പറപ്പിച്ച നാവിക സേനാ കമാന്‍ഡര്‍ വിജയ് വര്‍മ വിശിഷ്ടസേവനത്തിനുള്ള നാവിക സേനാ മെഡലും ലഭിച്ചു.
ലോകം ചുറ്റുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി കമാന്‍ഡര്‍ അഭിലാഷ് ടോമിയും വിശിഷ്ടസേവനത്തിനുള്ള നാവിക സേനാ മെഡലിന് അര്‍ഹനായി. വ്യോമസേനയുടെ കിഴക്കന്‍ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ക്ക് പരംവിശിഷ്ട് സേവാ മെഡലും ലഭിച്ചു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല