1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2021

സ്വന്തം ലേഖകൻ: പ്രവാസി ഭാരതീയ സമ്മാൻ ജിസിസി രാജ്യങ്ങളിലെ 3 മലയാളികൾക്കു ലഭിച്ചതിൽ അഭിമാനത്തോടെ പ്രവാസി മലയാളികൾ. ഖത്തറിലെ ഇഎൻടി സർജൻ ഡോ. മോഹൻ തോമസ് പകലോമറ്റം, സൌദി അറേബ്യയിലെ വ്യവസായി ഡോ. സിദ്ദീഖ് അഹമ്മദ്, ബഹ്റൈനിലെ വ്യവസായി കെ.ജി. ബാബുരാജൻ എന്നിവരുൾപ്പെടെ 26 വ്യക്തികൾക്കും 4 സംഘടനകൾക്കുമാണ് ഇത്തവണ രാഷ്ട്രപതിയുടെ പ്രവാസി ഭാരതീയ പുരസ്കാരം.

കൊച്ചി സ്വദേശിയായ ഡോ. മോഹൻ തോമസ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നിന്നു സ്വർണമെഡലോടെയാണ് എംഎസ് ഇഎൻടി നേടിയത്. മികച്ച വിദ്യാർഥിക്കുള്ള കമാനി ട്രസ്റ്റ് പുരസ്കാരവും നേടിയിരുന്നു. ഖത്തർ ബിർല പബ്ലിക് സ്കൂൾ ചെയർമാനാണ്.

പാലക്കാട് മങ്കട പനന്തറ കുടുംബാംഗമായ ഡോ. സിദ്ദീഖ് അഹമ്മദ്, സൌദിയിലെ ഇറാം ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്. ഗ്രൂപ്പിനു കീഴിൽ 16 രാജ്യങ്ങളിലായി 40 കമ്പനികളുണ്ട്. പവർ ഇലക്ട്രോണിക്സ് രംഗത്ത് മധ്യപൂർവദേശത്തെ ആദ്യ ഫാക്ടറി സ്ഥാപിച്ച സിദ്ദീഖ് അഹമ്മദ്, സൌദിയിൽ വിദേശ ഉടമസ്ഥതയിൽ ഏറ്റവുമധികം കമ്പനികളുള്ള വ്യക്തിയാണ്.

ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ കെ.ജി. ബാബുരാജൻ തിരുവല്ലയ്ക്കടുത്ത് കുറ്റൂർ സ്വദേശിയാണ്. സൌദിയെയും ബഹ്റൈനെയും ബന്ധിപ്പിച്ചുള്ള കിങ് ഹമദ് കോസ്‌വേ ഉൾപ്പെടെയുള്ള വൻകിട പദ്ധതികളിൽ പ്രവർത്തിച്ചു. വാവ ഡ്രഗ്സ് ആൻഡ് ഫാർസ്യൂട്ടിക്കൽസിന്റെ മാനേജിങ് ഡയറക്ടറാണ്.

സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കാണുന്നുവെന്നും പുരസ്കാരം എല്ലാ പ്രവാസി മലയാളികൾക്കും ജീവനക്കാർക്കും കുടുംബത്തിനും സമർപ്പിക്കുന്നുവെന്നും സിദ്ദീഖ് അഹമ്മദ് മനോരമയോടു പറഞ്ഞു. മധ്യപൂർവദേശത്ത് ഒരുപാട് അവസരങ്ങളുണ്ടെന്നും അത് പ്രയോജനപ്പെടുത്തി ഉത്തരവാദിത്തത്തോടെ ആത്മാർഥതയോടെ കഠിനാധ്വാനം ചെയ്യുകയും സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിക്കുകയും ചെയ്താൽഅംഗീകാരം താനെ എത്തുമെന്നാണ് ബാബുരാജ് പ്രതികരിച്ചത്.

ന്യൂസീലൻഡിൽ മന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജയായ പ്രിയങ്ക രാധാകൃഷ്ണൻ, ഡച്ച് കരീബിയൻ മേഖലയിലെ ദ്വീപു രാജ്യമായ കുറസോയുടെ പ്രധാനമന്ത്രി യൂജിൻ റുഗെനാത്, സുരിനാം പ്രസിഡന്റ് ചന്ദ്രികപെർസാദ് സന്തോഖി എന്നിവരും സമ്മാനിതരിൽപ്പെടുന്നു. പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.