1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2021

സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം അന്തരിച്ച ഫിലിപ്​ രാജകുമാരന്​ ബ്രിട്ടൻ വിട നൽകി. വിൻസർ കാസിലിലെ സെന്‍റ്​ ജോർജ്സ് ചാപ്പലിൽ നടന്ന സംസ്കാരച്ചടങ്ങുകൾക്കു മുന്നോടിയായി രാജ്യം ഒരു നിമിഷം എഡിൻബറ പ്രഭുവിന്​ വേണ്ടി മൗനമാചരിച്ചു. കാന്‍റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബിയുടെയും വിൻസർ ഡീൻ ആയ ഡേവിഡ് കോണറുടെയും കാർമികത്വത്തിൽ പ്രാർഥനകളോടെ ഒരു മണിക്കൂറിനുള്ളിൽ ചടങ്ങുകൾ പൂർത്തിയായി.

ഭർത്താവിന്‍റെ സംസ്കാരച്ചടങ്ങിലും പ്രാർഥനകളിലും തനിച്ചാണ്​ എലിസബത്ത്​ രാജ്​ഞി പങ്കുകൊണ്ടത്​. രാജകുടുംബാംഗങ്ങളെല്ലാം സന്നിഹിതരായിരുന്നെങ്കിലും അവരിൽ നിന്ന്​ അകലം പാലിച്ച്​, കറുത്ത വേഷവും മുഖാവരണവുമണിഞ്ഞ്​ രാജ്​ഞി ചാപ്പലിൽ ഒറ്റയ്ക്കിരുന്ന്​ പ്രാർഥനകളിൽ പ​​ങ്കെടുത്തു. കുടുംബ കല്ലറയിലേക്കു ഫിലിപ്​ രാജകുമാരന്‍റെ ഭൗതികശരീരമടക്കം ചെയ്ത പെട്ടി താഴ്ത്തിയതിനുശേഷമാണ്​ രാജ്‍ഞി ചാപ്പലിൽനിന്നു പുറത്തിറങ്ങിയത്​. മറ്റു രാജകുടുംബാംഗങ്ങളും അവരെ അനുഗമിച്ചു.

സംസ്കാരച്ചടങ്ങിൽ മകൻ ചാൾസ്​ രാജകുമാരൻ അടക്കം മുപ്പതോളം രാജകുടുംബാംഗങ്ങളാണ്​ പങ്കെടുത്തത്. കൊച്ചുമക്കളായ വില്യമും ഹാരിയും സന്നിഹിതരായിരുന്നു. ഇപ്പോൾ അമേരിക്കയിൽ താമസിക്കുന്ന ഹാരി സഹോദരൻ വില്യമും ഭാര്യ കേറ്റും ആയി ഏറെ നാളുകൾക്ക്​ ശേഷം സംസാരിച്ചതും മാധ്യമശ്രദ്ധ നേടി. രാജകുടുംബത്തിൽ നടക്കുന്ന വിവേചനങ്ങളെ കുറിച്ച്​ ഹാരിയും ഭാര്യ മേഗനും തുറന്നടിച്ചത്​ സംബന്ധിച്ച വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല.

99–ാം വയസ്സിൽ ഈമാസം ഒമ്പതിനായിരുന്നു ഫിലിപിന്‍റെ മരണം. ബ്രിട്ടനിലെ ആറാം ജോര്‍ജ് രാജാവിന്‍റെ മൂത്തമകളായ എലിസബത്തുമായി 1947 നവംബറിലായിരുന്നു വിവാഹം. ഗ്രീസിലെയും ഡെന്മാര്‍ക്കിലെയും രാജകീയ പദവികള്‍ ഉപേക്ഷിച്ച്​ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ശേഷമാണ്​ ഫിലിപ്​ എലിസബത്തിനെ വിവാഹം കഴിക്കുന്നത്​. വിവാഹത്തിനുശേഷം ജോര്‍ജ് ആറാമന്‍ രാജാവ് അദ്ദേഹത്തിനു എഡിന്‍ബറ പ്രഭു എന്ന പുതിയ പദവി നല്‍കുകയായിരുന്നു. ‘എന്‍റെ ശക്തിയും കരുത്തും’ എന്നാണ് ഫിലിപ് രാജകുമാരനെ എലിസബത്ത് രാജ്ഞി വിശേഷിപ്പിച്ചിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.