1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2021

സ്വന്തം ലേഖകൻ: ഡയാന രാജകുമാരി ഭക്ഷണമുണ്ടാക്കുന്ന കാര്യത്തില്‍ വളരെ പിന്നിലായിരുന്നുവെന്ന് വെളിപ്പെടുത്തി കൊട്ടാരത്തിലെ മുന്‍ ഷെഫായ ഡാരന്‍ മക് ഗ്രാഡി. ഒരിക്കല്‍ പാസ്ത പാകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കാവുന്ന ഗന്ധം അനുഭവപ്പെട്ടപ്പോള്‍ കൊട്ടാരത്തിലെ അഗ്നിരക്ഷാ വിഭാഗത്തെ വരെ രാജകുമാരി വിളിച്ചു വരുത്തിയെന്നും ഡാരന്‍ പറയുന്നു. ഡയാന രാജകുമാരിയുടെ അറുപതാം പിറന്നാളിന് തന്റെ യൂട്യൂബില്‍ പങ്കുവച്ച ഓര്‍മകളിലാണ് ഡാരന്‍ ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

‘തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് എന്റെ ഡ്യൂട്ടി. ആഴ്ചയവസാനം രാജകുമാരിക്ക് കഴിക്കാനുള്ള ഭക്ഷണങ്ങള്‍ കൂടി തയ്യാറാക്കി ഫ്രിഡ്ജില്‍ വച്ചിട്ടാണ് ഞാന്‍ പോകുക. എന്ത് ഭക്ഷണമാണ് എന്നും ചൂടാക്കുകയോ മറ്റോ ചെയ്യണമെങ്കില്‍ എന്ത് ചെയ്യണമെന്നും ഉള്ള എന്റെ നിര്‍ദേശങ്ങള്‍ ചെറിയ നോട്ടായി ഡയാന തന്നെ എഴുതി പാത്രത്തില്‍ ഒട്ടിക്കുകയും ചെയ്യും. ഉദാഹരണത്തിന് ഇത് മൈക്രോവേവില്‍ വച്ചശേഷം രണ്ട് അമര്‍ത്തുക എന്നതുപോലെ.’

ഡയാന വളരെ മോശം പാചകക്കാരിയായിരുന്നു. ആഴ്ച അവസാനം സുഹൃത്തുക്കള്‍ക്കൊപ്പമോ കുടുംബത്തിനൊപ്പമോ പുറത്ത് പോയില്ലെങ്കില്‍ ചിലപ്പോള്‍ സ്വന്തം ഭക്ഷണം തയ്യാറാക്കാന്‍ ഡയാന ശ്രമിച്ചിരുന്നെന്നാണ് ഷെഫ് പറയുന്നത്. പാസ്തയോ, സ്പഗെറ്റിയോ പോലുള്ള ഭക്ഷണമാണ് രാജകുമാരി തയ്യാറാക്കിയിരുന്നത്. ഒരിക്കല്‍ ഡയാനയുടെ ഒരു സുഹൃത്ത് കൊട്ടാരത്തില്‍ എത്തിയപ്പോഴുണ്ടായ അനുഭവവും ഡാരെന്‍ പങ്കുവയ്ക്കുന്നു.

‘സുഹൃത്തിന് വേണ്ടി സ്പഗെറ്റി ഉണ്ടാക്കാനാണ് ഡയാന തീരുമാനിച്ചത്. സ്പഗെറ്റി സോസ് തയ്യാറാക്കാനായി അടുപ്പില്‍ വച്ച ശേഷം ഇരുവരും സംസാരിച്ചിരുന്നു. കുറച്ച് സമയം കഴിഞ്ഞാണ് ഡയാന അടുക്കളയില്‍ തിരിച്ചെത്തിയത്. അപ്പോഴേക്കും സോസ് തിളച്ച് ബര്‍ണറില്‍ വീണ്‌ തീ അണഞ്ഞിരുന്നു, ഒപ്പം ഗ്യാസ് ലീക്ക് ചെയ്യുന്ന മണവും. എന്നാല്‍ ഡയാന വേഗം തന്നെ പാലസിലെ 12 പേരുടെ ഫയര്‍ യൂണിറ്റിനെ വിളിച്ചു വരുത്തുകയാണ് ചെയ്തത്.’

പിറ്റേന്ന് താന്‍ ജോലിക്കെത്തിയപ്പോള്‍ ഡയാന തന്നോട് ഈ സംഭവം വളരെ രസകരമായി പങ്കുവച്ചെന്നും ഡാരന്‍ പറയുന്നു. ‘ ഡാരന്‍, നിങ്ങളിത് വിശ്വസിക്കില്ല, ഞാന്‍ ഇന്നലെ സ്വന്തമായി ഭക്ഷണമുണ്ടാക്കി, പക്ഷേ കൊട്ടാരത്തിന് മുഴുവന്‍ തീ പിടിക്കേണ്ടതായിരുന്നു.’ എന്നാണ് ഡയാന പറഞ്ഞത്.

ഹാരി രാജകുമാരന്‍ പിറന്ന് അധികകാലം കഴിയുന്നതിന് മുമ്പേ ഉണ്ടായ മറ്റൊരു അനുഭവവും ഡാരന്‍ പങ്കുവയ്ക്കുന്നുണ്ട്. ‘ അടുക്കളയിലെത്തിയ രാജകുമാരി എന്നോട് കുഞ്ഞിനെ പിടിക്കാന്‍ പറയുകയായിരുന്നു. തനിക്ക് അല്‍പം സീരിയല്‍സ് കഴിക്കണമെന്നായിരുന്നു ഡയാനയുടെ ആവശ്യം.’ എന്നാല്‍ തനിക്ക് കുഞ്ഞിനെ എടുക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് ഡാരന്‍ അത് നിരസ്സിച്ചു. എന്നാല്‍ ഡയാന നിര്‍ബന്ധപൂര്‍വം കുഞ്ഞിനെ കൈയില്‍ തരുകയും അവിടെ ഇരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്‌തെന്നും ഡാരന്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.