1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2021

സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ (സിസിടിവി) കാമറകള്‍ കൊണ്ടുവരുന്നതിന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സെക്യൂരിറ്റി സിസ്റ്റംസ് ഡിപാര്‍ട്ട്മെന്റിന്റെ (എസ്എസ്ഡി) മുന്‍കൂര്‍ അനുമതി വേണമെന്ന് അധികൃതര്‍ അറിയിച്ചു. കാമറകള്‍ വയ്ക്കാന്‍ അനുവാദമുള്ള കമ്പനികളിലും സ്ഥാപനങ്ങളിലും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പായി ഇറക്കുമതി ചെയ്യുന്ന സിസിടിവി കാമറയുടെ വിശദാംശങ്ങള്‍ എസ്എസ്ഡിയുടെ പരിശോധനാ വിഭാഗത്തില്‍ നല്‍കി മുന്‍കൂര്‍ അനുമതി വാങ്ങണം.

സ്ഥാപനത്തിന്‍റെ ആവശ്യത്തിന് അനുസരിച്ച് അവ കൊണ്ടുവരുന്നതിന് എസ്എസ്ഡി അനുമതി നല്‍കുമെന്ന് ക്യാപ്റ്റന്‍ ജാസിം സാലിഹ് അല്‍ സുലൈത്തി പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ പബ്ലിക് റിലേഷന്‍സ് വിഭാഗം ഇത് സംബന്ധിച്ച് നടത്തിയ ബോധവല്‍ക്കരണ കാമ്പയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവ കൊണ്ടുവന്ന ശേഷം ശരിയായ സ്ഥലത്ത് ശരിയായ രീതിയിലാണ് കാമറകള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് ഉറപ്പ് വരുത്താന്‍ പ്രവൃത്തി പൂര്‍ത്തിയായ ശേഷം എസ്എസ്ഡിയുടെ കണ്‍ഫര്‍മേഷന്‍ സര്‍ട്ടിഫിക്കറ്റും വാങ്ങണം. ഏതൊക്കെ സ്ഥാപനങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാം എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.

നിബന്ധനകള്‍ പാലിച്ചാണോ സ്ഥാപനങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് എന്ന കാര്യം പരിശോധിക്കുന്നതിനുള്ള പ്രത്യേക സംഘം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അനുമതിയില്ലാതെ കാമറകള്‍ സ്ഥാപിച്ചതും കേടായ കാമറകള്‍ ശരിയാക്കാത്തതുമായി സംഭവങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.

സിസിടിവി കാമറയിലെ ദൃശ്യങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറുകയോ അത് പുറത്തുവിടുകയോ ചെയ്യുന്നതിന് മുമ്പ് മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങണം. ബെഡ്‌റൂമുകള്‍, ഫിസിയോ തെറാപ്പി കേന്ദ്രങ്ങള്‍, ടോയ്‌ലെറ്റുകള്‍, വസ്ത്രം മാറുന്ന മുറികള്‍, സ്ത്രീകള്‍ക്ക് മാത്രമായുള്ള ഇടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിക്കുന്നത് ശിക്ഷാര്‍ഹമാണ്.

അതേസമയം, നിര്‍ദ്ദേശിക്കപ്പെട്ട സ്ഥാപനങ്ങളില്‍ അവ സ്ഥാപിക്കാതിരിക്കുന്നതും കൃത്യമായി പരിപാലിക്കാതിരിക്കുന്നതും കുറ്റകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.