1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2020

സ്വന്തം ലേഖകൻ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി കൂടിക്കാഴ്ച്ച നടത്തി. അഫ്ഗാന്‍ സമാധാനകരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായുള്ള മധ്യസ്ഥതയ്ക്ക് പോംപിയോ അമീറിന് നന്ദിയര്‍പ്പിച്ചു.‌ താലിബാന്‍ നേതാക്കളും അമീറിനെ കണ്ട് കൂടിക്കാഴ്ച്ച നടത്തി. അഫ്ഗാന്‍ സമാധാനത്തിനായുള്ള പരിശ്രമങ്ങള്‍ ഭാവിയിലും തുടരുമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

ദോഹയില്‍ വെച്ച് താലിബാനുമായുള്ള സമാധാനകരാര്‍ ഒപ്പുവെച്ചതിന് ശേഷമാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇരുപക്ഷങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിച്ചതിനും ഇത്തരമൊരു വേദിയൊരുക്കിയതിനും പോംപിയോ അമീറിന് നന്ദിയര്‍പ്പിച്ചു. അഫ്ഗാന്‍ വിഷയവും മേഖലയിലെ മറ്റ് രാഷ്ട്രീയ സാഹചര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായാണ് വിവരം.

ലോകം സമാധാന പൂര്‍ണമാണെന്ന ബോധ്യത്തോടെയാണ് ഖത്തര്‍ തന്നെ യാത്രയാക്കിയതെന്നായിരുന്നു നേരത്തെ പോംപിയോയുയുടെ ആദ്യ പ്രതികരണം. പിന്നാലെ രാഷ്ട്രീയ കാര്യ തലവന്‍ മുല്ലാ ഗനി ബറദാര്‍ ഉള്‍പ്പെടെയുള്ള താലിബാന്‍ നേതാക്കളും അമീറിനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച്ച നടത്തി.

അഫ്ഗാന്‍ വിഷയത്തില്‍ ഖത്തര്‍ നടത്തിയ മധ്യസ്ഥ നീക്കങ്ങള്‍ക്ക് താലിബാന്‍ നേതാക്കള്‍ അമീറിന് നന്ദിയര്‍പ്പിച്ചു. അഫ്ഗാന്‍റെയും മേഖലയിലെയും രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലാണ് കരാറെന്നും അതിന് ദോഹ വേദിയായിതില്‍ അഭിമാനമുണ്ടെന്നും ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി പറഞ്ഞു.

ദോഹയില്‍ നടന്ന ചരിത്രപരമായ ചടങ്ങില്‍ സംബന്ധിക്കാനെത്തിയ മുഴുവന്‍ രാഷ്ട്ര നേതാക്കള്‍ക്കും ഖത്തര്‍ വിദേശകാര്യസഹമന്ത്രിയും വിദേശകാര്യവക്താവുമായ ലൌല ഖാതിര്‍ നന്ദിയര്‍പ്പിച്ചു. അഫ്ഗാന്‍ സമാധാനത്തിനായി ഖത്തറിന്‍റെ ഭാഗത്ത് നിന്നുള്ള പരിശ്രമങ്ങള്‍ ഭാവിയിലും തുടരുമെന്നും ലൌല ഖാതിര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.