
സ്വന്തം ലേഖകൻ: ഖത്തറില്‍ ഇന്ന് ഞായറാഴ്ച മുതല്‍ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും കോളേജുകളിലും മുഴുവന്‍ വിദ്യാര്‍ഥികളും ക്ലാസ്സില്‍ ഹാജരാവണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ പ്രഖ്യാപിച്ച നാലാം ഘട്ട ഇളവുകളുടെ ഭാഗായാണിത്. കോവിഡ് വ്യാപനം വലിയ തോതില്‍ കുറഞ്ഞുവന്ന പശ്ചാത്തലത്തില്‍ നേരത്തേ വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ പെരുമാറ്റച്ചട്ടങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയങ്ങളില്‍ ഇന്നു മുതല്‍ ഹാജര്‍ സമ്പ്രദായം പുനരാരംഭിക്കും. തക്കതായ കാരണമില്ലാതെ ക്ലാസ്സില്‍ എത്താവര്‍ക്ക് ഹാജര്‍ ലഭിക്കില്ല. അതേസമയം, വിദ്യാലയങ്ങളുടെ കെട്ടിടങ്ങളിലുള്ള സ്ഥല സൗകര്യത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയം നിര്‍ണയിച്ചു നല്‍കിയ എണ്ണം വിദ്യാര്‍ഥികള്‍ക്കായിരിക്കും ക്ലാസ്സുകളില്‍ പ്രവേശനം. വിദ്യാര്‍ഥികള്‍ തമ്മില്‍ ചുരുങ്ങിയത് ഒരു മീറ്ററെങ്കിലും അകലം എല്ലാ സമയത്തും പാലിക്കണം.
വിദ്യാലയങ്ങളിലായാലും യാത്രാ വേളയിലായിരുന്നാലും ബബ്ള്‍ സമ്പ്രദായം തുടരുമെന്നും മന്ത്രാലയം അറിയിച്ചു. ഒരു കൂട്ടം കുട്ടികള്‍ മറ്റൊരു കൂട്ടം കുട്ടികളുമായി ഇടകലരാത്ത രീതിയില്‍ പഠന, പഠനേതര പ്രവര്‍ത്തനങ്ങളും യാത്രയും ക്രമീകരിക്കുന്ന രീതിയാണ് ബബ്ള്‍ സമ്പ്രദായം. കുട്ടികളില്‍ ആര്‍ക്കെങ്കിലും കോവിഡ് ബാധയുണ്ടായാല്‍ അത് ആ കുട്ടി ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പില്‍ മാത്രം ഒതുക്കി നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണിത്.
വിദ്യാര്‍ഥികളുടെ യാത്രാ ബസ്സുകളിലും ഈ രീതിയിലുള്ള ബബ്ള്‍ സമ്പ്രദായം അനിവാര്യമാണ്. ബസ്സുകളില്‍ 75 ശതമാനം ശേഷിയില്‍ മാത്രമേ വിദ്യാര്‍ഥികളെ യാത്ര ചെയ്യാന്‍ അനുവദിക്കാവൂ എന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം വിദ്യാര്‍ഥികള്‍ ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കുകയും ക്ലാസ്സ് മുറികളും ബസ്സുകളും കൃത്യമായ ഇടവേളകളില്‍ അണുനശീകരണത്തിന് വിധേയമാക്കുകയും വേണം.
അതിനിടെ, പൂര്‍ണമായി വാക്‌സിനെടുക്കാത്ത കിന്റര്‍ഗാര്‍ട്ടനിലെയും സ്‌കൂളിലെയും അധ്യാപകരുള്‍പ്പൈയുള്ള ജീവനക്കാര്‍ ആഴ്ചയിലൊരിക്കല്‍ റാപ്പിഡ് ആന്റിജന്‍ ടെസ്‌റ്റോ പിസിആര്‍ ടെസ്റ്റോ നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ലാബില്‍ നിന്നായിരിക്കണം ടെസ്റ്റ് നടത്തേണ്ടത്. അതേപോലെ 12 വയസ്സിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും ഈ നിയമം ബാധകമാണ്. ഇതിനായി പ്രത്യേക പരിശോധാ സംവിധാനം സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തും. അതേസമയം, കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്ക് ഈ നിബന്ധന ബാധകമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായി ഇന്നു മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല. അതേസമയം, അടഞ്ഞ പൊതുസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, ആശുപത്രികള്‍, പ്രദര്‍ശന വേദികള്‍, ഇവന്റുകള്‍, പള്ളികള്‍, സര്‍വകലാശാലകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം. തുറന്ന സ്ഥലത്ത് ഉപഭോക്താക്കളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടുന്ന ജോലി ചെയ്യുന്നവരെല്ലാം ജോലി സമയങ്ങളില്‍ മാസ്‌ക് ധരിക്കുകയും വേണം.
പള്ളികളിലെ പ്രതിദിന പ്രാർഥനകളിലും വെള്ളിയാഴ്ച നമസ്‌കാരത്തിനിടയിലും സാമൂഹിക അകലം പാലിക്കേണ്ട. എന്നാല്‍ വെള്ളിയാഴ്ചകളിലെ പ്രഭാഷണത്തിനിടെ ഒരു മീറ്റര്‍ അകലം നിര്‍ബന്ധം. അധികം തിരക്കില്ലാത്ത മേഖലകളിലെ പള്ളികളില്‍ ശുചിമുറികളും അംഗശുദ്ധി വരുത്താനുള്ള ഇടങ്ങളും തുറക്കും.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ഓഫിസിലെത്തി ജോലി ചെയ്യുന്നതുള്‍പ്പെടെയുള്ള ഇളവുകളാണ് പ്രാബല്യത്തിലായത്. മ്യൂസിയങ്ങളും ലൈബ്രറികളും പൂര്‍ണശേഷിയില്‍ തുറക്കും. വിനോദസഞ്ചാര മേഖലകളിലെ റസ്റ്ററന്റുകള്‍ക്കും കഫേകള്‍ക്കും ഷീഷ സേവനവും പുനരാരംഭിക്കും. പുറത്തെ ഹാളുകളിലും വിവാഹങ്ങള്‍ നടത്താം.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല