1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2019

സ്വന്തം ലേഖകന്‍: ആരോപണങ്ങള്‍ തള്ളി; അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച എതിര്‍പ്പ് വരണാധികാരി തള്ളി.

അമേഠിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ധ്രുവ് ലാലിന്റെ പരാതിയ്ക്ക് പിന്നാലെ പത്രികയുടെ സൂക്ഷ്മ പരിശോധന വരണാധികാരി ഇന്നത്തേക്ക് നീട്ടിവെക്കുകയായിരുന്നു. രാഹുലിന് ബ്രിട്ടീഷ് പൗരത്വമാണ് ഉള്ളതെന്നും പിന്നെയെങ്ങനെയാണ് രാഹുല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നുമായിരുന്നു ധ്രുവ് ലാല്‍ പരാതിയില്‍ ഉന്നയിച്ചത്.

ബ്രിട്ടനില്‍ രാഹുലിന് പങ്കാളിത്തമുള്ള കമ്പനിയില്‍ അദ്ദേഹത്തിന് യു.കെ പൗരത്വമാണ് ഉള്ളതെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ധ്രുവ് ലാലിന്റെ അഭിഭാഷകന്‍ രവി പ്രകാശ് പറഞ്ഞു. ഇന്ത്യന്‍ പൗരനല്ലാത്ത ഒരു വ്യക്തി എങ്ങനെയാണ് ഇന്ത്യയില്‍ മത്സരിക്കുകയെന്ന ചോദ്യമാണ് ഇദ്ദേഹം ഉന്നയിച്ചത്.

വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കാത്തത് ആരോപണത്തില്‍ കഴമ്പുള്ളതുകൊണ്ടാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. രാഹുലിന്റെ അഭിഭാഷകന്‍ വിശദീകരണത്തിന് കൂടുതല്‍ സമയം ചോദിച്ചതായും ബി.ജെ.പി നേതാവ് ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞിരുന്നു. രാഹുലിന് ബ്രിട്ടീഷ് പൗരത്വമാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്തെത്തിയിരുന്നു.

ബ്രിട്ടീഷ് പൗരത്വം രാഹുല്‍ ഗാന്ധി നിഷേധിച്ചിട്ടില്ലെന്നും 2004 ലും 2006 ലും രാഹുല്‍ യു.കെയില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ നല്‍കിയിട്ടുണ്ടെന്നും ബ്രിട്ടീഷ് പൗരത്വമുള്ള ആളാണ് എം.പിയായി ഇരിക്കുന്നതെന്നുമായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരിഹാസം.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.