1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2017

സ്വന്തം ലേഖകന്‍: കോണ്‍ഗ്രസില്‍ രാഹുല്‍ യുഗം തുടങ്ങി, ദേശീയ അധ്യക്ഷനായി സ്ഥാനമേറ്റ് കന്നി പ്രസംഗത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍. എ.ഐ.സി.സി. ആസ്ഥാനത്ത് ഉത്സവാന്തരീക്ഷത്തിലായിരുന്നു സ്ഥാനാരോഹണം. പദവിയൊഴിഞ്ഞ സോണിയാഗാന്ധിയില്‍നിന്നും ചുമതലയേറ്റെടുത്ത ശേഷം ബി.ജെ.പി.യെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിച്ച രാഹുലിന്റെ കന്നിപ്രസംഗം ശ്രദ്ധേയമായി.

ബി.ജെ.പി. വിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിക്കുന്നു. അവര്‍ക്ക് ഭിന്നിപ്പിക്കാനാണ് താത്പര്യം. കോണ്‍ഗ്രസ് എല്ലാവരെയും ഒന്നിപ്പിക്കുന്നു. ബി.ജെ.പി. എല്ലാം ചുട്ടെരിക്കുന്നു. തീയണയ്ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന്, പ്രവര്‍ത്തകരുടെ ആര്‍പ്പുവിളികളുയരവേ രാഹുല്‍ പറഞ്ഞു.
ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാനല്ല, അവരെ ഞെരിച്ചമര്‍ത്താനുള്ള ഉപകരണമായി രാഷ്ട്രീയം മാറിയിരിക്കുന്നു. ആരെന്നും എന്തു വിശ്വസിച്ചെന്നും എന്തു കഴിച്ചെന്നും കരുതി ആളുകളെ കൊല്ലുന്ന കാലത്തേക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ നയിക്കുന്നത്.

ഇത്തരം വൃത്തികെട്ട സംഘര്‍ഷങ്ങള്‍ ലോകത്തിനുമുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്നു. എല്ലാ വിദ്വേഷങ്ങളെയും കോണ്‍ഗ്രസ് സ്‌നേഹംകൊണ്ടു പൊരുതിത്തോല്‍പ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു. പാര്‍ട്ടിയെ ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുമെന്നു പ്രഖ്യാപിക്കാനും ആ സന്ദേശം പ്രവര്‍ത്തകര്‍ക്കു നല്‍കാനും അദ്ദേഹം മറന്നില്ല. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുമായും സമ്പര്‍ക്കം പുലര്‍ത്തുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റിയെടുക്കും. എല്ലാ മതവിഭാഗങ്ങളിലും തലമുറകളിലും പ്രദേശങ്ങളിലുമുള്ളവരുമായി നിരന്തരം ആശയവിനിമയം നടത്തും.

കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയാണെന്നു പറഞ്ഞ രാഹുല്‍ ഗാന്ധി, പഴക്കവും യുവത്വവുമുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റിയെടുക്കുമെന്ന് പ്രഖ്യാപിച്ചത് യുവജനങ്ങള്‍ക്കു കൂടുതല്‍ അംഗീകാരം നല്‍കുമെന്നതിന്റെ സൂചനയായി. കോണ്‍ഗ്രസ് തനിക്കു കുടുംബത്തെപ്പോലെയാണെന്നും ആ നിലയില്‍തന്നെ പാര്‍ട്ടിയെ മുന്നോട്ടുനയിക്കുമെന്നും രാഹുല്‍ പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.