1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2018

സ്വന്തം ലേഖകന്‍: റഫാല്‍ വിവാദത്തില്‍ തുറുപ്പുചീട്ടുമായി കോണ്‍ഗ്രസ്; എച്ച്എഎല്‍ പങ്കാളിത്തം വെളിപ്പെടുത്തുന്ന ഡാസോ ചെയര്‍മാന്റെ വീഡിയോ പുറത്തുവിട്ടു; രാജ്യാന്തര ഗൂഢാലോചനയെന്ന് ബിജെപി. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ ( എച്ച്എഎല്‍) പങ്കാളിയാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകാറായി എന്ന് ഡാസോ ചെയര്‍മാന്‍ എറിക് ട്രപ്പിയര്‍ വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ കോണ്‍ഗ്രസാണ് പുറത്തുവിട്ടത്.

2015 മാര്‍ച്ച് 25നു ചിത്രീകരിച്ച വീഡിയോ ആണ് കോണ്‍ഗ്രസ് പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ കരാര്‍ പ്രഖ്യാപിക്കുന്നതിനേ രണ്ടാഴ്ച മുമ്പുള്ളതാണ് വീഡിയോ. എച്ച്എഎല്ലിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ റിലയന്‍സിനെ തിരഞ്ഞെടുക്കാന്‍ മോദി ഗൂഢാലോചന നടത്തിയെന്ന കോണ്‍ഗ്രസ് ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണു പുതിയ തെളിവ്. ഇന്ത്യന്‍ വ്യോമസേന, എച്ച്എഎല്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കരാറിനെക്കുറിച്ച് വിശദീകരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍.

റിലയന്‍സിനെ തെരെഞ്ഞെടുക്കുന്നതിന് ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംഭവം വിവാദമായപ്പോള്‍ ഡായോസ്‌ക്കാണ് ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ അറിയാവുന്നത് എന്നായിരുന്നു ഒലോന്‍ദിന്റെ വിശദീകരണം. വിവാദത്തിന് പിന്നില്‍ രാജ്യാന്തര ഗൂഢാലോചനയാണെന്ന് ബിജെപി പ്രതികരിച്ചു.

വിവാദത്തിന് രാജ്യാന്തരതലമുണ്ടെന്നു പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞപ്പോള്‍ രാജ്യാന്തര ഗൂഢാലോചനയുണ്ടെന്ന ആരോപണമാണു മന്ത്രിയും വക്താവുമായ ഗജേന്ദ്ര ശെഖാവത് ഉന്നയിച്ചത്. റഫാല്‍ ഇടപാടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് പ്രതിനിധി സംഘം കേന്ദ്ര വിജിലന്‍സ് കമ്മിഷണറെ (സിവിസി) സമീപിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.