1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2017

സ്വന്തം ലേഖകന്‍: മ്യാന്‍മറിലെ പോലീസ് കേന്ദ്രങ്ങള്‍ക്ക് നേരെ റോഹിംഗ്യകളുടെ ചാവേര്‍ ആക്രമണം, 89 പേര്‍ കൊല്ലപ്പെട്ടു. മ്യാന്മറിലെ പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖിനിലെ റാത്തെഡോംഗില്‍ പൊലീസ് കേന്ദ്രങ്ങള്‍ക്ക് നേരെയാണ് റോഹിന്‍ഗ്യകള്‍ ചാവേര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 12 സുരക്ഷ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ, 89 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

നൂറ്റിയമ്പതിലധികം വരുന്ന റോഹിന്‍ക്യ വിമതര്‍ ഇരുപതോളം പോലീസ് പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. തോക്കുകളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു ആക്രമണം. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് 77 റോഹിന്‍ക്യ വിമതര്‍ കൊല്ലപ്പെട്ടത്. വിമത സംഘം വെള്ളിയാഴ്ച പുലര്‍ച്ചെ പൊലീസ് പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായും, സൈന്യം ഇവരെ തുരത്തിയതായും മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകിയുടെ ഓഫീസ് അറിയിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം അരാകന്‍ റോഹിന്‍ക്യ സാല്‍വേഷന്‍ ആര്‍മി ഏറ്റെടുത്തു. രണ്ടാഴ്ചയായി വടക്കന്‍ രാഖെനിലെ രാതെട്ടോങ്ങില്‍ റോഹിന്‍ക്യകള്‍ ഉപരോധം നേരിടുകയാണ്. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ പട്ടിണിയിലാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. മ്യാന്മര്‍ സേന നടത്തുന്ന കൊലപാതകങ്ങളും ബലാല്‍സംഗങ്ങളും അടക്കമുള്ള ക്രൂരതകള്‍ക്കെതിരെ 25 ഇടങ്ങളില്‍ക്കൂടി ആക്രമണം നടത്തുമെന്ന് അരാകന്‍ റോഹിന്‍ക്യ സാല്‍വേഷന്‍ ആര്‍മി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു.

ബംഗ്ലാദേശിനോടടുത്ത തീരദേശ സംസ്ഥാനമാണ് റാഖിന്‍. തീവ്രവാദി ആക്രമണങ്ങള്‍ ഇടക്കിടെ ഉണ്ടാകുന്നതിനാല്‍ 2016 ഒക്ടോബര്‍ മുതല്‍ റാഖിന്‍ അതിര്‍ത്തി മ്യാന്മര്‍ സൈന്യം അടച്ചിരിക്കുകയാണ്. അക്രമികളായ ബംഗാളികളാണ് കൊല്ലപ്പെട്ടതെന്ന് മ്യാന്മര്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.