
സ്വന്തം ലേഖകൻ: റഷ്യ, യുക്രൈൻ അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നു. യുക്രൈനിൽ അധിനിവേശം നടത്താൻ റഷ്യ പദ്ധതിയിടുന്നുവെന്നാണ് യു.എസ് ആരോപിക്കുന്നത്. യുക്രൈന് ആയുധങ്ങളും സഹായവും നൽകാൻ നേറ്റോയും യു.എസും ശ്രമിച്ചാൽ അത് ചുവപ്പു വര ലംഘിക്കുന്നതിന് സമാനമാണെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യക്തമാക്കിയത്. റഷ്യയുടെ മുന്നറിയിപ്പുകൾ അംഗീകരിക്കില്ലെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നടത്തുന്ന പ്രതികരണം.
റഷ്യ, യുക്രൈനെ ആക്രമിച്ചാൽ തിരിച്ചടിയുണ്ടാകും. സാമ്പത്തിക നയങ്ങളിലെ തിരിച്ചടിയും മറ്റു വഴികളും യു.എസ് തേടും, പ്രത്യാക്രമണത്തെക്കുറിച്ച് ജോ ബൈഡൻ പറയുന്നു. നിലവിലെ സാഹചര്യത്തിൽ യുക്രൈനെ പടിഞ്ഞാറൻ രാജ്യങ്ങൾ സഹായിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് വ്ളാഡിമിർ പുടിനും പറയുന്നത്. 2022-ന്റെ തുടക്കത്തിൽ ഒരു അധിനിവേശ പദ്ധതി തിരശ്ശീലയിൽ ഒരുങ്ങുന്നുണ്ടെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഭയപ്പെടുന്നതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
യുക്രൈൻ അതിർത്തിയിൽ ഇതിനോടകം തന്നെ റഷ്യ തങ്ങളുടെ സൈന്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. 94,000 സൈനികരെയാണ് റഷ്യ അതിർത്തിയിൽ എത്തിച്ചതെന്നാണ് യുക്രൈൻ ആരോപിക്കുന്നത്. പ്രതിസന്ധി ലഘൂകരിക്കാനായി വ്ളാഡിമിർ പുടിനും ജോ ബൈഡനും തമ്മിൽ ഒരു വീഡിയോ കോൾ സംഭവിക്കുമെന്നാണ് പ്രതീക്ഷ. റഷ്യൻ നേതാവുമായി ഒരു നീണ്ട ചർച്ച നടത്താനാണ് തീരുമാനമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറയുകയും ചെയ്തിരുന്നു.
റഷ്യ- യുക്രൈൻ പ്രതിസന്ധിയിൽ യു.എസ് എന്ത് നടപടിയാണ് കൈകൊള്ളുക എന്ന് ബൈഡൻ ഇതുവരേയും വ്യക്തമാക്കിയിട്ടില്ല. റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം തീർക്കാൻ അമേരിക്കയെ കൊണ്ട് സാധിക്കുമെന്ന് അമേരിക്കൻ, യുക്രൈൻ ഉദ്യോഗസ്ഥർ ഈ ആഴ്ച വീണ്ടും മുന്നറിയിപ്പ് നൽകി. ഡിസബംർ രണ്ട് വ്യാഴാഴ്ച റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുപിന്നാലെയാണ് പുതിയ ഉപരോധങ്ങൾക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ.
175,000 സൈനികരെ ഉൾപ്പെടുത്തി കൊണ്ട് അടുത്ത വർഷം ആദ്യം തന്നെ ക്രെംലിൻ ഒരു വിശദമായ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഭയപ്പെടുന്നുണ്ടെന്ന് വാഷ്ടിംങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബൈഡന്റെ പ്രതികരണം. അധിനിവേശത്തിന് മുന്നോടിയായി യുക്രൈനെയും നേറ്റോയെയും അപകീർത്തിപ്പെടുത്താനായി സർക്കാർ അനുകൂല മാധ്യമങ്ങൾ ശ്രമിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
ജനുവരി അവസാനം റഷ്യ അധിനിവേശം നടത്താൻ ഏറ്റവും സാധ്യതയുള്ള സമയമാണെന്ന് യുക്രൈനിയൻ പ്രതിരോധമന്ത്രി ഒലെക്‌സി റെസ്‌നിക്കോവ് പറഞ്ഞു. ബ്രിട്ടണിലെ ഏറ്റവും മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ ഈ മേഖലയിലെ സംഘർഷ സാധ്യതയെ മുന്നിൽ കണ്ട് തങ്ങൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. റഷ്യയുമായി ഒരു യുദ്ധം ഉണ്ടാകില്ലെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്ന് ബി.ബി.സിയോട് ബ്രിട്ടീഷ് ജനറൽ സർ നിക്ക് കാർട്ടർ വ്യക്തമാക്കി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല