1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2017

സ്വന്തം ലേഖകന്‍: ഹരിയാനയിലെ റയാന്‍ സ്‌കൂളില്‍ ഏഴു വയസുകാരനെ കഴുത്തറുത്ത് കൊന്നത് സ്‌കൂളിലെ പതിനൊന്നാം ക്‌ളാസ് വിദ്യാര്‍ഥി, കൊല നടത്തിയത് പരീക്ഷ മാറ്റിവയ്പ്പിക്കാനെന്നും കണ്ടെത്തല്‍. സി.ബി.ഐ അന്വേഷണത്തില്‍ പരീക്ഷ മാറ്റിവയ്ക്കാനായാണ് കൊലപാതകം നടത്തിയെന്ന് അറസ്റ്റിലായ വിദ്യാര്‍ഥി മൊഴി നല്‍കി. അതേസമയം, കേസില്‍ ഹരിയാന പൊലീസ് നേരത്തെ അറസ്റ്റുചെയ്ത സ്‌കൂള്‍ ബസിന്റെ കണ്ടക്ടര്‍ കുറ്റക്കാരനല്ലെന്നും സി.ബി.ഐ അന്വേഷണ സംഘം കണ്ടെത്തി.

സ്‌കൂള്‍ ബസിന്റെ കണ്ടക്ടറെ അറസ്റ്റ് ചെയ്ത ഹരിയാന പൊലീസ് നടപടി തെറ്റാണെന്ന് വ്യക്തമായത് പോലീസിന് വന്‍ തിരിച്ചടിയായി. കഴിഞ്ഞ ദിവസമാണ് ഗുരുഗ്രാം റയാന്‍ സ്‌കൂളിലെ പതിനൊന്നാം ക്‌ളാസ് വിദ്യാര്‍ഥിയെ സി.ബി.ഐ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. പരീക്ഷയും അധ്യാപക രക്ഷാകര്‍തൃ യോഗവും മാറ്റിവയ്ക്കാനാണ് കൊലപാതകം നടത്തിയതെന്ന് വിദ്യാര്‍ഥി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

സി.സി.ടി.വി ദൃശ്യങ്ങളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് പ്രഥ്യുമന്‍ ഠാക്കൂറെന്ന വിദ്യാര്‍ഥിയെ മൂത്രപ്പുരയില്‍ മരിച്ച നിലയില്‍ കണ്ടത്. ഇത് അധ്യപകരെ ആദ്യം അറിയിച്ചത് ഈ വിദ്യാര്‍ഥിയായിരുന്നുവെന്നും സി.ബിഐ വ്യക്തമാക്കി. അതേസമയം, കൊലപാതകത്തിനു പിന്നാലെ സ്‌കൂള്‍ ബസിന്റെ കണ്ടക്ടര്‍ അശോക് കുമാറിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വിദ്യാര്‍ഥിയെ അശോക് കുമാര്‍ ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നായിരുനു പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ അശോക് കുമാര്‍ കുറ്റക്കാരനല്ലെന്ന് സി.ബി.ഐ വ്യക്തമാക്കി. ഹരിയാന പൊലീസിന്റെ അന്വേഷണം തൃപ്തികരമായിരുന്നില്ലെന്നും സി.ബി.ഐ അന്വേഷണത്തിലൂടെ സത്യം പുറത്തുവന്നതില്‍ തൃപ്തിയുണ്ടെന്നും പ്രഥ്യുമന്‍ ഠാക്കൂറിന്റെ അച്ഛന്‍ വരുണ്‍ ഠാക്കൂര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.