1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2018

സ്വന്തം ലേഖകന്‍: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം; കെപിസിസിയെ തള്ളി രാഹുല്‍ ഗാന്ധി; രാഹുല്‍ ഗാന്ധി പറഞ്ഞത് വളച്ചൊടിച്ചതായി മുല്ലപ്പള്ളി; രാഹുലിന്റെ അഭിപ്രായം സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി. ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ് തന്റെ നിലപാടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണം.

ശബരിമല വൈകാരിക വിഷയമാണെന്നാണ് കേരളത്തിലെ പാര്‍ട്ടിയുടെ നിലപാടെന്നും പാര്‍ട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാല്‍ അവരുടെ ആഗ്രഹത്തിന് വഴങ്ങുന്നുവെന്നും രാഹുല്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. താനും പാര്‍ട്ടിയും തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കുന്നു. ശബരിമല യുവതീപ്രവേശത്തിനെതിരെ നിലപാടെടുത്ത കെപിസിസിക്ക് തിരിച്ചടിയാണ് പാര്‍ട്ടി അധ്യക്ഷന്റെ നിലപാട്.

അതേസമയം, ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സി ഇപ്പോഴും യുവതീപ്രവേശത്തിന് എതിരാണ്. അതിനൊപ്പമാണ് രാഹുല്‍ ഗാന്ധിയെന്ന് ഉറപ്പ് ലഭിച്ചെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ വികാരമനുസരിച്ച് അനുകൂലനിലപാടെടുക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ആനന്ദ് ശര്‍മയുടെ നിലപാടും വളച്ചൊടിച്ചെന്ന് മുല്ലപ്പള്ളി പറഞ്ഞു

ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള രാഹുല്‍ഗാന്ധിയുടെ അഭിപ്രായം സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി!. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചരിത്രപരമായ വിധി എന്ന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി രേഖപ്പെടുത്തിയ അഭിപ്രായം തന്നെയാണ് രാഹുല്‍ഗാന്ധിക്കെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. കോണ്‍ഗ്രസ് വക്താവായ ആനന്ദ് ശര്‍മയും രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തുവന്നു എന്നതും ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.