1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2019

സ്വന്തം ലേഖകന്‍: ശബരിമല വാദം പൂര്‍ത്തിയായി; വിധി പുനഃപരിശോധിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് ദേവസ്വം ബോര്‍ഡ്; യുവതീ പ്രവേശം വിലക്കിയത് ദേവന്റെ അവകാശമെന്ന് തന്ത്രി; വാദിക്കാന്‍ അവസരം കിട്ടാത്തവര്‍ എഴുതി നല്‍കണമെന്ന് സുപ്രീം കോടതി; കേസ് വിധി പറയാന്‍ മാറ്റി; സുപ്രീം കോടതി വിധി ഉറ്റുനോക്കി ഇരുവിഭാഗവും. ശബരിമല യുവതീപ്രവേശത്തിലെ സുപ്രീംകോടതി വിധിക്കെതിരെ നല്‍കിയ റിവ്യൂ ഹര്‍ജികള്‍ പരിശോധിക്കുന്ന കാര്യത്തില്‍ വാദം പൂര്‍ത്തിയായി. വിധി പിന്നീട് പറയും.

കുംഭമാസ പൂജയ്ക്ക് ശബരിമല നട തുറക്കുന്നതിന് മുന്‍പ് വിധിയുണ്ടാകില്ല. 55 പുനഃപരിശോധന ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ഇതില്‍ ആറു പേര്‍ക്കു മാത്രമാണു വാദിക്കാന്‍ അവസരം ലഭിച്ചത്. മൂന്നര മണിക്കൂര്‍ വാദം നീണ്ടു. സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിധിയെ പിന്തുണച്ച് പുനഃപരിശോധന ഹര്‍ജിയെ എതിര്‍ത്തു. ഏഴു ദിവസത്തിനകം വാദങ്ങള്‍ എഴുതി നല്‍കാന്‍ മറ്റു ഹര്‍ജിക്കാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

ശബരിമല യുവതീ പ്രവേശം സംബന്ധിച്ച വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തുല്യതയാണു വിധിയുടെ അടിസ്ഥാനമെന്നും തൊട്ടുകൂടായ്മ അല്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത പറഞ്ഞു. തന്ത്രിയുടെ വാദം വ്യാഖ്യാനം മാത്രമാണ്. അതു പുനഃപരിശോധനയ്ക്ക് തക്ക കാരണമല്ല. വാദം കേട്ടില്ലെന്നതും കാരണമായി ചൂണ്ടിക്കാട്ടാനാവില്ലെന്നും അദ്ദേഹം വാദിച്ചു.

കോടതി തീരുമാനം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും. ശബരിമലയിലെ ശുദ്ധിക്രിയയില്‍ തന്ത്രി കണ്ഠരര് രാജീവരിന് എതിരെ കോടതി അലക്ഷ്യം ആവശ്യപ്പെട്ടുള്ള ഹരജി വാദം കേട്ടങ്കിലും ഉത്തരവ് പറയാനായി മാറ്റിയിട്ടില്ല. കേരള ഹൈക്കോടതിയിലെ ഹരജികള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിലും വാദം കേട്ടിരുന്നു. പക്ഷേ ഇനി പറയാനിരിക്കുന്ന ഉത്തരവില്‍ ഇവയെയും ഉള്‍പ്പെടുത്തിയിട്ടില്ല. ഈ ഹരജികള്‍ ഇനി വ്യത്യസ്തമായി കേള്‍ക്കാനാണ് സാധ്യത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.