1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2017

സ്വന്തം ലേഖകന്‍: രാജ്യസഭയില്‍ കന്നി പ്രസംഗത്തിന് എഴുന്നേറ്റ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ സംസാരം തടസപ്പെടുത്തി കോണ്‍ഗ്രസ് ബഹളം. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാനുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഉപജാപം നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബഹളം വച്ചതോടെയാണ് സച്ചിന്റെ പ്രസംഗം തടസ്സപ്പെട്ടത്.

രാജ്യസഭയിലെ അസാന്നിധ്യത്തിന് ഒട്ടേറെ വിമര്‍ശനം നേരിട്ടയാളാണ് ഭാരതരത്‌ന ജേതാവ് കൂടിയായ സച്ചിന്‍. കുട്ടികളുടെ കളിയവകാശത്തെ കുറിച്ചുള്ള സംവാദത്തിന് തുടക്കമിട്ട്, ‘കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായിക മേഖലയുടെ ഭാവിയും’ എന്ന വിഷയത്തില്‍ ചര്‍ച്ചയ്ക്കായി സച്ചിന്‍ നോട്ടിസ് നല്‍കിയിരുന്നു. ആദ്യമായാണു സഭയില്‍ സച്ചിന്‍ നോട്ടിസ് നല്‍കുന്നത്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിഷയം അവതരിപ്പിക്കാന്‍ സച്ചിന് അനുമതി ലഭിച്ചു. സ്‌കൂള്‍ കരിക്കുലത്തില്‍ കായികമേഖലയെ ചേര്‍ക്കുക, രാജ്യാന്തര മെഡല്‍ ജേതാക്കളെ ദേശീയ ആരോഗ്യ ഗ്യാരണ്ടി പദ്ധതിയില്‍ (സിജിഎച്ച്എസ്) ഉള്‍പ്പെടുത്തുക തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഉന്നയിക്കാന്‍ എംപിക്ക് പദ്ധതിയുണ്ടായിരുന്നു. സംസാരിക്കാനായി സച്ചിന്‍ എഴുന്നേറ്റതും കോണ്‍ഗ്രസ് എംപിമാര്‍ എണീറ്റുനിന്ന് ബഹളമുണ്ടാക്കി.

ബഹളം വീക്ഷിച്ച് പത്തു മിനിറ്റ് നേരം സച്ചിന്‍ ക്ഷമയോടെ കാത്തുനിന്നു. സഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നിര്‍ദേശങ്ങള്‍ എംപിമാര്‍ ചെവികൊണ്ടില്ല. രാജ്യമാകെ സച്ചിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ്. അംഗങ്ങള്‍ നിശബ്ദരാകണം. സ്‌പോര്‍ട്‌സ് ആണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. നിങ്ങള്‍ക്ക് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്ലെന്നും വെങ്കയ്യ നായിഡു എംപിമാരെ ശാസിച്ചു. പക്ഷേ എംപിമാര്‍ അടങ്ങിയിരുന്നില്ല. ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.