1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2019

സ്വന്തം ലേഖകന്‍: ജനം ടിവി വ്യാജവാര്‍ത്തയെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ കറുപ്പണിഞ്ഞ് തൊപ്പിവെച്ച് സലിം കുമാറിന്റെ പ്രതിഷേധം. വര്‍ക്കല സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കിയ ജനം ടി.വിയ്‌ക്കെതിരെ നടന്‍ സലിംകുമാറിന്റെ പ്രതിഷേധം. ക്യാംപസില്‍ ഐ.എസ് ഭീകരവാദികളോ എന്ന ചോദ്യമുയര്‍ത്തി നടത്തുന്ന ഏഷ്യനെറ്റ് ന്യൂസ് അവര്‍ പരിപാടിയിലാണ് സലിംകുമാര്‍ കറുപ്പണിഞ്ഞ് തൊപ്പി വെച്ച് ചര്‍ച്ചയ്‌ക്കെത്തിയത്.

ജനം ടിവി വാര്‍ത്തയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി നേരത്തെ സലിം കുമാര്‍ രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കി ചിത്രീകരിച്ച വാര്‍ത്ത തെറ്റ് തന്നെയാണെന്നും റേറ്റിങ് കൂട്ടാന്‍ എന്ത് വാര്‍ത്തയും കൊടുന്ന നടപടി തെറ്റാണെന്നും സലീംകുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

വര്‍ക്കല സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ അല്‍ ഖാഇദ ഭീകരബന്ധമുണ്ടെന്ന് കാണിച്ചായിരുന്നു ജനം ടി.വി വാര്‍ത്ത നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ ഭീകരവാദികളെ പോലെ വസ്ത്രം ധരിച്ചെത്തിയെന്നും അല്‍ഖാഇദ പതാക വീശിയെന്നും മാനേജ്‌മെന്റ് പിന്തുണയോടെയാണ് ഇക്കാര്യങ്ങള്‍ ക്യാമ്പസിനകത്ത് നടന്നതെന്നും ജനം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കറുത്ത വസ്ത്രമണിഞ്ഞ് അറബ് വസ്ത്രമായ കഫിയയും പുതച്ച് വിദ്യാര്‍ത്ഥികള്‍ വാഹന റാലി നടത്തുന്ന ദൃശ്യങ്ങളാണ് ഭീകരവാദി ബന്ധത്തിന് തെളിവായി ജനം റിപ്പോര്‍ട്ട് പറയുന്നത്. കോളേജ് ടോയ്‌ലറ്റിലെ ചുവരില്‍ കരികൊണ്ട് വരച്ച ഒസാമ ബിന്‍ലാദന്റെ ചിത്രവും റിപ്പോര്‍ട്ടില്‍ കാണിക്കുന്നുണ്ട്.

കോളേജ് അധികൃതരും ജനം ടി.വി വാര്‍ത്ത നിഷേധിക്കുകയും നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതിന് പിന്നാലെയും സംഘപരിവാര്‍ ചാനലായ ജനം ടിവിയും ജന്മഭൂമിയും വ്യാജ വാര്‍ത്ത ആവര്‍ത്തിച്ച് നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.