1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2017

 

സ്വന്തം ലേഖകന്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലക്ക് നാലു വര്‍ഷത്തെ തടവും പത്തു കോടി പിഴയും, ഉടന്‍ കീഴ്ടടങ്ങാന്‍ സുപ്രീം കോടതി, വിധി ആഘോഷമാക്കി പനീര്‍ശെല്‍വം ക്യാമ്പ്. അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറിയായ ശശികല കുറ്റക്കാരിയെന്ന കണ്ടെത്തല്‍ റദ്ദാക്കിയ കര്‍ണാടകാ ഹൈക്കോടതി വിധി റദ്ദാക്കുകയും വിചാരണ കോടതിയുടെ ശിക്ഷ ശരിവെയ്ക്കുകയും ചെയ്ത സുപ്രീം കോടതി തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ശശികലയുടെ നീക്കങ്ങള്‍ക്കും വിലങ്ങിട്ടു.

നാലു വര്‍ഷം തടവ് അനുഭവിക്കാനും 10 കോടി പിഴയടയ്ക്കാനും ഉടന്‍ ബാംഗഌര്‍ കോടതിയില്‍ കീഴടങ്ങാനുമാണ് നിര്‍ദേശം. കേസില്‍ ബാക്കിയുള്ളവര്‍ അടിയന്തിരമായി കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു. വിധി വന്നതോടെ ശശികലക്ക് പത്തു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. മുന്‍ മുഖ്യമന്ത്രി ജയലളിത, ശശികലയുടെ ബന്ധുക്കളായ ജെ. ഇളവരശി, വി.എന്‍. സുധാകരന്‍ എന്നിവരാണു കേസിലെ മറ്റു പ്രതികള്‍. ജയലളിത ആദ്യമായി മുഖ്യമന്ത്രിയായ 1991, 96 കാലത്ത് സംഘം അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നാണു കേസ്.

ഇവരെ കുറ്റമുക്തരാക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ കര്‍ണാടക സര്‍ക്കാരും ഡി.എം.കെ. നേതാവ് കെ. അന്‍പഴകനും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി കഴിഞ്ഞ ജൂണില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയതായിരുന്നു.
ശികലയ്‌ക്കെതിരായ സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ കൂവത്തൂരില്‍ പാര്‍പ്പിച്ചിരിക്കുന്ന എം.എല്‍.എമാരുടെ പിന്തുണ തേടിയുള്ള പനീര്‍ശെല്‍വത്തിന്റെ യാത്ര പോലീസ് വിലക്കി. പനീര്‍ശെല്‍വം എത്തിയാല്‍ ഉണ്ടായേക്കാവുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഗണിച്ച് റിസോര്‍ട്ടില്‍ വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഇവിടെ നിന്നും ചില ഗുണ്ടകളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ശശികല രക്ഷപെട്ടതോടെ തമിഴ്‌നാട് രക്ഷപെട്ടു എന്നായിരുന്നു വിധിയ്ക്ക് പിന്നാലെ പനീര്‍ശെല്‍വത്തിന്റെ ആദ്യ പ്രതികരണം.

വിധി പ്രതികൂലമായെങ്കിലും ശശികല ഉടന്‍ കീഴടങ്ങിയേക്കില്ലെന്നാണ് സൂചന. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടാനാണ് ശശികല ക്യാമ്പ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം എടപ്പാടി പളനിസ്വാമിയെ അണ്ണാ ഡി.എം.കെയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിട്ടുണ്ട്. വിധി വന്നയുടനെ പനീര്‍ശെല്‍വത്തെയു 19 വിമതരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. 123 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് പളനിസ്വാമി ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നും പളനിച്ചാമി ആവശ്യപ്പെട്ടു. പുതിയ സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.