1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2020

സ്വന്തം ലേഖകൻ: സൌദിയിൽ അക്കൗണ്ടിങ് രംഗത്ത് പ്രഖ്യാപിച്ച സ്വദേശിവത്കരണ നടപടികൾ അടുത്തവർഷം ജൂൺ 11 മുതൽ (ഹി. 1442 ദുൽഖഅദ് 1) പ്രാബല്യത്തിൽ വരുമെന്ന് മാനവ വിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴിൽ നടപ്പാക്കുന്ന സൌദിവത്കരണം ലക്ഷ്യം വച്ചുള്ള ഓട്ടോമാറ്റിക് കോഡിങ് പ്രകാരം അക്കൗണ്ടിങ് പ്രഫഷനലുകളെ 19 തരമായി തിരിച്ചിട്ടുണ്ട്.

സാമ്പത്തിക കാര്യ- അക്കൗണ്ടിങ് മാനേജർ, അക്കൗണ്ട്സ് ആൻഡ് ബജറ്റ് മാനേജർ, സാമ്പത്തിക റിപ്പോർട്ട് ഡിപ്പാർമെൻറ് മാനേജർ, സകാത്ത് ആൻഡ് ടാക്സ് മാനേജർ, ഇന്റേണൽ ഓഡിറ്റ് മാനേജർ, ജനറൽ ഓഡിറ്റ് മാനേജർ, ഹെഡ് ഓഫ് ഇന്റേണൽ ഓഡിറ്റ് പ്രോഗ്രാം, ഫിനാൻഷ്യൽ കൺട്രോളർ, ഇന്റേണൽ ഓഡിറ്റർ, സീനിയർ ഫിനാൻഷ്യൽ ഓഡിറ്റർ, ജനറൽ അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ്, ഓഡിറ്റർ, ജനറൽ അക്കൗണ്ട്സ് ടെക്നീഷ്യൻ, ഓഡിറ്റിങ് ടെക്നീഷ്യൻ, കോസ്റ്റ് അക്കൗണ്ട്സ് ടെക്നീഷ്യൻ, ഫിനാൻഷ്യൽ ഓഡിറ്റ് സൂപ്പർവൈസർ, കോസ്റ്റ് ക്ലാർക്ക്, ഫിനാൻസ് ക്ലാർക്ക്.

ഇതിന്റെ ഭാഗമായി സൌദി അകൗണ്ടന്റുമാരെ നിയമിക്കുന്നതിൽ സ്വകാര്യ മേഖലക്ക് പിന്തുണയും പ്രോത്സാഹനവും നൽകുന്ന പ്രത്യേക പദ്ധതിയും മന്ത്രാലയം അവതരിപ്പിക്കുന്നു. അനുയോജ്യരായ സ്വദേശി ജീവനക്കാരെ തിരയുന്നത് മുതൽ, റിക്രൂട്ട്‌മെന്റ്, ആവശ്യമായ പരിശീലനവും പുനരധിവാസവും തുടങ്ങി എല്ലാം പ്രത്യേക പദ്ധതിയിൽ ഉൾപ്പെടും. അഞ്ചിൽ കൂടുതൽ അക്കൗണ്ടിങ് ജീവനക്കാർ ആവശ്യമായ സ്ഥാപനങ്ങളിലെ നിശ്ചയിക്കപ്പെട്ട 19 തസ്തികകളിൽ 30 ശതമാനം സ്വദേശികളെ നിയമിക്കണമെന്നതാണ് നിയമം. ഇതിനായി പ്രത്യേക മാർഗ രേഖയും മന്ത്രാലയം പുറത്തിറക്കി.

പുതിയ നീക്കമനുസരിച്ചുള്ള നിയമങ്ങൾ ലംഘിക്കപ്പെടുന്ന പക്ഷം മുഴുവൻ അക്കൗണ്ടിങ് ജീവനക്കാരുടെയും സർക്കാരിൽ നിന്നുള്ള ഇലക്ട്രോണിക് സേവനങ്ങൾ നിർത്തലാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സർക്കാർ ഈടാക്കുന്ന പിഴക്ക് പുറമെയാണിത്. ഇങ്ങനെ ഇ സർവീസുകൾ ബ്ളോക് ചെയ്യപ്പെടുന്ന തൊഴിലാളിക്ക് വീസ പുതുക്കുന്നതിനോ, സ്‌പോൺസർഷിപ് മാറുന്നതിനോ, ഇഖാമയിലെ തൊഴിൽ മാറ്റത്തിനോ, വർക് പെർമിറ്റ് പുതുക്കുന്നതിനോ കഴിയില്ല. വർക് പെർമിറ്റിൽ നൽകിയ പ്രൊഫഷനിൽ നിന്ന് വ്യത്യസ്തമായ തൊഴിലെടുക്കുന്ന തൊഴിലാളിയെ പിടിക്കപ്പെട്ടാൽ മുകളിൽ സൂചിപ്പിച്ച ശിക്ഷാ നടപടികൾക്ക് പുറമെ സ്ഥാപനത്തിനെതിരെ കബളിപ്പിക്കലിനും നിയമപരമായ പിഴ ഈടാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

അക്കൗണ്ടിങ് രംഗത്തെ സ്വദേശി വത്കരണത്തിന്റെ ഫലമായി സൌദികൾക്ക് 9,800 അധിക തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടാതെ അക്കൗണ്ടന്റ് തൊഴിൽ എടുക്കുന്നവർ സൌദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് അക്കൗണ്ടന്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ സ്വദേശി അക്കൗണ്ടന്റുമാർ ബാച്ചിലർ ഡിഗ്രി യുള്ളവരാണെങ്കിൽ ചുരുങ്ങിയത് 6000 റിയാലും ഡിപ്ലോമയാണ് യോഗ്യതയെങ്കിൽ 4500 റിയാലും വേതനം നല്കണമെന്നതും നിബന്ധനയാണ്.

തൊഴിൽ വിപണിയിൽ യോഗ്യതയുള്ള യുവ സൌദി പുരുഷന്മാർക്കും സ്ത്രീകൾക്കും മാന്യമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുക, ഉൽ‌പാദനപരവും സുസ്ഥിരവുമായ പ്രാദേശികവൽക്കരണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് നിതാഖാത്ത് പദ്ധതിയുടെ തുടർ നടപടികളുടെ ഭാഗമായുള്ള ഇത്തരം നീക്കത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നനത്. തൊഴിൽ വിപണിയിൽ സൌദികളുടെ പ്രാതിനിധ്യം വർധിപ്പിക്കാനും വെല്ലുവിളി നിറഞ്ഞ സ്ഥാനങ്ങൾ ഏറ്റെടുക്കുന്നതിന് സ്വദേശികളെ പ്രാപ്തരാക്കാനും, നിരന്തരമായ പരിശീലനത്തിലൂടെ ദേശീയ മനുഷ്യ വിഭവ ശേഷിയുടെ കാര്യക്ഷമ ഉയർത്താനുമാണ് മന്ത്രാലയത്തിന്റെ പദ്ധതി.

എൻജിനിയർമാർ, ടെക്നിഷ്യന്മാർ എന്നിവർക്ക് പുറമെ അക്കൗണ്ടിങ് മേഖലയിൽ ജോലി ചെയ്യുന്നവരും പ്രത്യേക ബോഡിയിൽ റജിസ്റ്റർ ചെയ്യണമെന്ന് നേരത്തെ പ്രഖ്യാപനം വന്നിരുന്നു. ഇത് പ്രകാരം സൌദി ഓർഗനൈസേഷൻ ഓഫ് സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സിൽ (സോക്‌പ) തൊഴിലിന് അനുയോജ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം രജിസ്റ്റർ ചെയ്യാത്തവർക്ക് പുതിയ താമസ രേഖ എടുക്കുന്നതിനോ നിലവിലുള്ളവ പുതുക്കുന്നതിനോ പ്രഫഷൻ മാറ്റുന്നതിനോ കഴിഞ്ഞിരുന്നില്ല.

സ്വദേശിവത്കരണം കാര്യക്ഷമമാക്കുകയും വിദേശികളുടെ യോഗ്യത ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യമെങ്കിലും റജിസ്‌ട്രേഷന് കഴിയാതെ ഈ രംഗത്തെ നിരവധി പേരാണ് കുടുങ്ങിയത്. അതിന്റെ തുടർ നടപടിയായാണ് സ്വദേശിവത്കരണത്തിന്റെ അടുത്ത ഘട്ടം വരാനിരിക്കുന്നത്. നിയമം പ്രാപല്യത്തിൽ വരുന്നതോടെ മലയാളികൾ ഉൾപ്പടെ ചെറുകിട-ഇടത്തരം സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന നിരവധി അക്കൗണ്ടന്റുമാർ ഭീഷണിയിലാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.