1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2020

സ്വന്തം ലേഖകൻ: കൊവിഡ്-19 സാഹചര്യം സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്കുശേഷം സൗദി അറേബ്യയുടെ തെരുവോരങ്ങളും പാര്‍ക്കുകളും ഷോപ്പിങ് മാളുകളും സജീവമായിത്തുടങ്ങി. എല്ലാ മേഖലകളും പതിയെ പൂര്‍വാവസ്ഥയിലേക്കു തിരിച്ചുവരികയാണ്.

വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാണ് ജനങ്ങള്‍ ജോലിസ്ഥലത്തും പൊതു ഇടങ്ങളിലും എത്തുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കാതെ വൈറസ് വാഹകരാകരുതെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നിയമലംഘനം കണ്ടെത്താന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധനകള്‍ നടത്തുന്നുണ്ട്. സ്ഥാപനങ്ങളിള്‍ മുനിസിപ്പാലിറ്റികളും പൊതു ഇടങ്ങളില്‍ പൊലീസ് ഉള്‍പ്പടെയുള്ള വിവിധ സുരക്ഷാ വകുപ്പുകളും പരിശോധനയില്‍ സജീവമാണ്. നിയമം ലംഘിക്കുന്നവരില്‍നിന്ന് പിഴ ഈടാക്കുന്നതിനൊപ്പം കര്‍ശന താക്കീതും നല്‍കുന്നുണ്ട്.

രണ്ടാഴ്ചയായി സൗദിയില്‍ വൈറസ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുകയാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിട്ടുമുണ്ട്. 24 മണിക്കൂറില്‍ 65,000 പിസിആര്‍ പരിശോധനകളാണ് നിലവില്‍ നടക്കുന്നത്. മൂവായിരത്തില്‍ താഴെ മാത്രമാണ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 30 ലക്ഷം പരിശോധനയാണ് ഇതുവരെ നടന്നത്.

രോഗലക്ഷണങ്ങളുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും കൊവിഡ് പരിശോധനയ്ക്കു വിധേയരാകാം. പരിശോധന സൗജന്യമാണ്. ഡ്രൈവ് ത്രൂ ഉള്‍പ്പടെ വളരെ എളുപ്പത്തിലും സുരക്ഷിതമായും സാമ്പിളുകള്‍ സ്വീകരിക്കാനുള്ള സൗകര്യമുണ്ട്. പരിശോധനാ ഫലം മൊബൈല്‍ ആപ്പ് വഴിയും സന്ദേശമായും ലഭിക്കാനുള്ള സംവിധാനമുണ്ട്.

രോഗപ്പകര്‍ച്ചയ്ക്കു കുറവുണ്ടെങ്കിലും രാജ്യം പൂര്‍ണമായി വൈറസ് മുക്തമാകുന്നതു വരെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരടി പിന്നോട്ടില്ലന്നാണു വിവിധ മന്ത്രാലയങ്ങള്‍ നല്‍കുന്ന സന്ദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.