
സ്വന്തം ലേഖകൻ: 90 ശതകോടി റിയാൽ മിച്ചവുമായി സൗദി അറേബ്യ 2022 വർഷത്തേക്കുള്ള ബജറ്റ് പ്രഖ്യാപിച്ചു. ബജറ്റിലെ ചെലവ് 955 ശതകോടി റിയാലാണ്. വരുമാനം കണക്കാക്കിയിരിക്കുന്നത് 1045 ശതകോടി റിയാലാണ്. സാമ്പത്തിക രംഗത്ത് തുടർച്ചയായ വളർച്ചയും വൈവിധ്യവും സുസ്ഥിരതയും ലക്ഷ്യമിടുന്നുണ്ടെന്ന് ബജറ്റ് പ്രഖ്യാപന മന്ത്രിസഭ യോഗത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു.
ദൈവസഹായത്തോടെ രാജ്യം സാമ്പത്തിക പ്രത്യാഘാതങ്ങളെയും കോവിഡിനെ തുടർന്നുണ്ടായ അസാധാരണമായ ഘട്ടങ്ങളെയും മറികടന്നിരിക്കുകയാണ്. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. വിഷൻ 2030 അനുസരിച്ച് സാമ്പത്തികമായ പരിഷ്കാരങ്ങളുടെയും സാമ്പത്തിക മുന്നേറ്റത്തിന്‍റെയും തുടർച്ചയായാണിതെന്നും സൽമാൻ രാജാവ് പറഞ്ഞു.
വിഷൻ 2030 ന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സാമ്പത്തിക സംരംഭങ്ങളും പരിഷ്കാരങ്ങളും തുടർന്നും നടപ്പിലാക്കാൻ തങ്ങൾ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു. ജീവിത നിലവാരവും പുരോഗതിയും ലഭ്യമായ വിഭവങ്ങളുടെ ഉപയോഗവും സർക്കാർ ചെലവുകളുടെ സുതാര്യത, കാര്യക്ഷമത, ഗുണനിലവാരം എന്നിവയും ഉയർത്താനും ലക്ഷ്യമിടുന്നു. വളർച്ചയും വികസനവും വർധിപ്പിക്കുന്നതിനും പൗരന്മാർക്കും താമസക്കാർക്കും അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മികച്ചതാക്കുന്നതിനും വിദ്യാഭ്യാസ അന്തരീക്ഷം വിപുലീകരിക്കുന്നതിനും ഭവന പദ്ധതികളെ പിന്തുണയ്ക്കുന്നതിനും വേണ്ടിയാണിതെന്നും സൽമാൻ രാജാവ് പറഞ്ഞു.
നേട്ടങ്ങൾ സംരക്ഷിക്കാനും മെച്ചപ്പെടുത്താനുമുള്ള കാര്യങ്ങൾ ബജറ്റ് സ്ഥിരീകരിക്കുന്നുണ്ട്. ബജറ്റിലെ പദ്ധതികളും വികസനവും സാമൂഹിക പരിപാടികളും നടപ്പിലാക്കാൻ സജീവമായി പ്രതിജ്ഞാബദ്ധരാകാനും ആരോഗ്യസ്ഥിതി പിന്തുടരാനും മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും നിർദ്ദേശിച്ചിട്ടുണ്ട്.
നിലവിലുള്ള പകർച്ചവ്യാധിയുടെയും ആരോഗ്യ സാമ്പത്തിക പ്രത്യാഘാതങ്ങളുടെയും വെളിച്ചത്തിൽ ആരോഗ്യ മേഖലയ്ക്ക് ആവശ്യമായ വിഹിതം നൽകുകയും അതിന്‍റെ കാര്യക്ഷമത വർധിപ്പിക്കുകയും രാജ്യത്തെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും പ്രതിരോധ കുത്തിവെപ്പുകൾ ലഭ്യമാക്കലും നിർദേശം നൽകിയതിലുൾപ്പെടുമെന്നും സൽമാൻ രാജാവ് പറഞ്ഞു.
അതിനിടെ സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് 2030 ഓടെ ഏഴു ശതമാനമാക്കി കുറക്കുമെന്ന് സൗദി ധനകാര്യ മന്ത്രി പ്രഖ്യാപിച്ചു. കോവിഡ് സാഹചര്യത്തിൽ വർധിച്ച രാജ്യത്തിന്റെ പൊതു കടം 2023ൽ കുറയുമെന്നും അദ്ദേഹം പറഞ്ഞു. 2022 ൽ എണ്ണ വരുമാനം 655 ബില്യൺ റിയാലിലെത്തും. കണക്കുകൾ പ്രകാരം സൗദി അറേബ്യക്ക് ബജറ്റ് സന്തുലിതമായി തുടരാൻ എണ്ണവില ബാരലിന് 72 ഡോളറെങ്കിലും കിട്ടേണ്ടി വരും. ഇത് കുറഞ്ഞാൽ ഇതര മാർഗങ്ങളിലൂടെ വരുമാനം കൂടേണ്ടി വരും.
അടുത്ത വർഷം പ്രതീക്ഷിക്കുന്ന ബജറ്റ് മിച്ചം 90 ബില്യൺ ഡോളറാണ്. ഈ തുക കരുതൽ ധന ശേഖരത്തിലേക്ക് നീക്കി വെക്കും. ഇത് പിന്നീട് കിരീടാവകാശിയുടെ മേൽനോട്ടത്തിലുള്ള പൊതു നിക്ഷേപ ഫണ്ടിലേക്കോ നാഷണൽ ഡവലപ്മെന്റ് ഫണ്ടിലേക്കോ മാറ്റും. സൗദിയിലേക്ക് നിക്ഷേപവും പദ്ധതികളും നടപ്പാക്കാനുള്ള ഉദ്യമങ്ങളാണിത്. ഇതു വഴി കൂടുതൽ ജോലികൾ ലഭ്യമാക്കും. 11.3 ശതമാനമാണ് സൗദിയിലെ നിലവിലുള്ള തൊഴിലില്ലായ്മാ നിരക്ക്. 2030 ഓടെ ഇത് ഏഴു ശതമാനമാക്കി കുറക്കും. രാജ്യത്തെ നിക്ഷേപ രംഗത്തെ ചട്ടങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. ഇതു വഴി കൂടുതൽ ഫാക്ടറികളും സ്ഥാപനങ്ങളും സേവന മേഖലയും വർധിക്കും. ഇതിലൂടെ കൂടുതൽ ജോലി ലഭ്യമാക്കാനാകുമെന്നും ധനകാര്യ മന്ത്രാലയം പറയുന്നു.
കോവിഡ് കാരണം 2020-ൽ സൗദിയുടെ പൊതു കടം 32.5% എത്തിയിരുന്നു. ഇതും 2023-ൽ കുറയാൻ തുടങ്ങുമെന്നാണ് സർക്കാർ പ്രവചനം. ഇന്റർനാഷണൽ എനർജി ഏജൻസിയുടെ കണക്കനുസരിച്ച്, സൗദി ഉൽപ്പാദനം 2022-ൽ പ്രതിദിനം ശരാശരി 10.7 ദശലക്ഷം ബാരലിലെത്തും. ഇത് എക്കാലത്തെയും ഉയർന്ന വാർഷിക ശരാശരിയാണ്. എന്നാൽ എന്നാൽ കൊറോണ വൈറസിന്റെ ഒമൈക്രോൺ വേരിയന്റിന്റെ ആവിർഭാവം പ്രതിസന്ധി സൃഷ്ടിച്ചാൽ കണക്കുകൾ മാറി മറിയും.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല