1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2020

സ്വന്തം ലേഖകൻ: സൌദി അറേബ്യയില്‍ കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തയും സന്ദേശങ്ങളും നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്താൽ കടുത്ത ശിക്ഷ. അഞ്ച് വർഷം തടവും 30 ലക്ഷം റിയാൽ വരെ പിഴയുമാണ് ചുമത്തുക. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് ഇന്ന് ഇതി സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

വിവര വിനിമയ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നതും തെറ്റായ വിവരം പ്രചരിപ്പിക്കുന്നതുമായ കുറ്റങ്ങൾക്കെതിരെ ഇൻഫർമേഷൻ ക്രൈം തടയൽ നിയമത്തിലെ ആർട്ടിക്കിൾ 1/6 പ്രകാരമുള്ള ശിക്ഷയാണ് കൊറോണ സംബന്ധിച്ച് തെറ്റായ വിവരം പ്രചരിപ്പിക്കുന്നവർക്ക് നൽകുകയെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിക്കുന്നു.

കൊറോണയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മുഴുവന്‍ സാമൂഹ്യ മാധ്യമങ്ങളും രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. തെറ്റായ വാർത്തകൾ സൃഷ്ടിക്കുകയോ പ്രചരിപ്പിക്കുകയോ ഫോർവേഡ് ചെയ്യുകയോ സമൂഹമാധ്യമങ്ങളിൽ പങ്കുവക്കുകയോ ചെയ്യുന്നവർക്കും തുല്യമായ ശിക്ഷയാണ് ലഭിക്കുകയെന്ന് പബ്ലിക് പ്രോസിക്യൂഷൻ വിശദീകരിച്ചു. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ 937 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സൌദിയില്‍ ഒരു സ്വദേശി പൌരനില്‍ മാത്രമാണ് നിലവില്‍ കൊറോണ കണ്ടെത്തിയത്. ഇദ്ദേഹം ഇറാനില്‍ നിന്നെത്തിയതാണ്.

എന്നാല്‍ മലയാളികള്‍ക്കും കൊറോണ എന്ന തരത്തില്‍ സന്ദേശങ്ങള്‍ തെറ്റായി പ്രചരിക്കുന്നുണ്ട്. ഒപ്പം കൊറോണ ബാധിച്ചയാളുടേതെന്ന പേരില്‍ ട്വിറ്ററിലും തെറ്റായ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വിവിധ സന്ദേശങ്ങള്‍ പലരൂപത്തില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.