1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2021

സ്വന്തം ലേഖകൻ: അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ സൗദിയിലെ ജ്വല്ലറി ഷോപ്പുകളില്‍ പ്രവാസികള്‍ക്ക് ജോലി ചെയ്യാനാവില്ല. സ്വര്‍ണ വില്‍പ്പന കേന്ദ്രങ്ങളിലും ആഭരണ നിര്‍മാണ കേന്ദ്രങ്ങളിലും സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കാനുള്ള തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണിത്. ഇതുവഴി സൗദിവല്‍ക്കരണം നടപ്പിലാക്കുന്ന തസ്തികകളില്‍ ആയിരക്കണക്കിന് സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.

ജ്വല്ലറികളില്‍ സ്വദേശികള്‍ക്ക് നിയമനം നല്‍കുന്നതോടെ ബിനാമി ഇടപാടുകള്‍ കണ്ടെത്താനാവുമെന്ന കണക്കുകൂട്ടലും അധികൃതര്‍ക്കുണ്ട്. സൗദിയിലെ സ്വര്‍ണ വിപണ മേഖല ലോകത്തെ തന്നെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണ്. മിഡിലീസ്റ്റില്‍ സ്വര്‍ണ വ്യാപാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന സൗദിയില്‍ 14 ബില്യണ്‍ നിക്ഷേപം ഈ മേഖലയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

എന്നാല്‍ ഇവയില്‍ 40 ശമതാനവും ബിനാമികളാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. സൗദി പൗരന്‍മാരുടെ പേരില്‍ വിദേശികളാണ് ഇവ നടത്തുന്നത്. എന്നാല്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം വരുന്നതോടെ ഇവ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

കഴിഞ്ഞ 16 വര്‍ഷമായി ഈ മേഖലയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സ്വദേശിവല്‍ക്കരണം ഇത്തവണ പൂര്‍ണമാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. രാജ്യത്തെ 6000 സ്വര്‍ണക്കടകളിലായി 30,000ത്തിലേറെ പേര്‍ ജോലി ചെയ്യുന്നതായാണ് കണക്ക്. കുറഞ്ഞ ശമ്പളവും ഭാരിച്ച ജോലിയും കാരണം പലപ്പോഴും ഈ മേഖലയില്‍ സൗദിവല്‍ക്കരണം വിജയിക്കാറില്ല.

5000 മുതല്‍ 7000 റിയാല്‍ വരെയാണ് മുഴുസമയ ജോലിക്ക് ശമ്പളമായി ലഭിക്കുക. എന്നാല്‍ ഇത്തവണ കൂടുതല്‍ സൗദികളെ ജോലിക്ക് എത്തിക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. അതേസമയം, സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാനും തീരുമാനമുണ്ട്. ഒരു പ്രവാസി ജീവനക്കാരന് 20,000 റിയാല്‍ എന്ന തോതില്‍ പിഴ ഈടാക്കാനാണ് തീരുമാനം.

ബിരുദധാരികളും ഡിപ്ലോമക്കാരുമായ 96,000 സൗദികള്‍ക്ക് കഴിഞ്ഞ വര്‍ഷം തൊഴില്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ മൂന്നിലൊന്നില്‍ കൂടുതലും സ്ത്രീകളാണ്. സോഷ്യല്‍ ഇന്‍ഷൂറന്‍സ് ഓര്‍ഗനൈസേഷനും മനുഷ്യ വിഭവ മന്ത്രാലയവും പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. ഇവരില്‍ 59,173 പേര്‍ ബിരുദധാരികളാണ്. 47,707 (80.6 ശതമാനം) പേര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് മേഖലയിലും 9,283 പേര്‍ (15.7 ശതമാനം) സിവില്‍ സര്‍വീസിലും 2183 പേര്‍ (3.7 ശതമാനം) വാണിജ്യ മേഖലയിലുമാണ് ജോലി നേടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.