1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2016

സ്വന്തം ലേഖകന്‍: സൗദിയില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പടെ അഞ്ച് ഇന്ത്യാക്കാരെ വധിച്ച സൗദിക്കാര്‍ക്ക് വധശിക്ഷ. സൗദി അറേബ്യയിലെ ഖത്തീഫില്‍ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചു മൂടി കൊന്ന കേസില്‍ പ്രതികളായ മൂന്ന് സൗദി പൗരന്മാര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റില്‍ ഷാജഹാന്‍ കുഞ്ഞ്, കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ശൈഖ്, തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളം വടക്കേവിള സലിം അബ്ദുള്‍ ഖാദര്‍, കന്യാകുമാരി സ്വദേശികളായ ബഷീര്‍ ഫാറൂഖ്, ലാസര്‍ എന്നിവരെയാണു 2010 ല്‍ ജീവനോടെ കുഴിച്ചുമൂടിയത്.

രണ്ട് വര്‍ഷത്തെ വിചാരണക്കൊടുവിലാണു ക്രിമിനല്‍ കോടതി മൂവര്‍ക്കും വധശിക്ഷ വിധിച്ചത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലാണ് തങ്ങള്‍ കൃത്യം ചെയ്തതെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. മദ്യവുമായി കാറില്‍ പോകുമ്പോള്‍ സുഹൃത്ത് വിളിച്ചതനുസരിച്ചാണു താന്‍ തോട്ടത്തിലേക്കു പോയതെന്ന് പ്രതികളില്‍ ഒരാള്‍ സമ്മതിച്ചു. അവിടെ എത്തിയപ്പോള്‍ തൊട്ടടുത്ത മുറിയില്‍ അഞ്ച് പേരെ കൈകള്‍ പിന്നിലേക്ക് ബന്ധിച്ച അവസ്ഥയില്‍ കിടത്തിയിരിക്കുന്നു കണ്ടു.
കാരണം ചോദിച്ചപ്പോള്‍ സ്‌പോണ്‍സറുടെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന മറുപടിയാണു ലഭിച്ചത്.

പിന്നീട് കൂട്ടുകാരോടൊപ്പം മദ്യപിക്കുകയും, ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു. ലഹരി തലക്കുപിടിച്ചപ്പോള്‍ കെട്ടിയിട്ട അഞ്ചു പേരെയും ക്രൂരമായി മര്‍ദിക്കുകയും ശബ്ദം പുറത്തു വരാതിരിക്കാന്‍ വായില്‍ ടേപ്പ് ഒട്ടിക്കുകയും ചെയ്തു. രാത്രിയോടെ തോട്ടത്തില്‍ ഉണ്ടായിരുന്ന കുഴിയില്‍ തള്ളി. ഇവരുടെ കൈവശമുണ്ടായിരുന്ന തിരിച്ചറിയല്‍ രേഖകളും കുഴിയില്‍ ഇട്ട് മണ്ണ് മൂടി.
കൃത്യം നടന്ന് നാലുവര്‍ഷത്തിനു ശേഷം 2014 ജനുവരിയില്‍ തോട്ടം പാട്ടത്തിനെടുത്തയാള്‍ കൃഷി ആവശ്യത്തിനായി മണ്ണെടുക്കുമ്പോഴാണ് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും തിരിച്ചറിയല്‍ രേഖകളും ലഭിക്കുന്നത്.

ശവശരീരങ്ങള്‍ക്കൊപ്പം തിരിച്ചറിയല്‍ രേഖകളും കണ്ടെടുത്തതാണ് കേസില്‍ വഴിത്തിരിവുണ്ടാക്കാന്‍ സഹായിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.