
സ്വന്തം ലേഖകൻ: സൗദിയിൽ വിദേശ തൊഴിലാളികളുടെ സ്പോൺസർ മാറ്റം ഇനി ഓൺലൈൻ വഴി. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഖിവ പോർട്ടൽ വഴി തൊഴിലാളികളെ സ്വീകരിക്കുന്ന പുതിയ സ്ഥാപനം അപേക്ഷ നൽകണം.
അപേക്ഷ അംഗീകരിക്കുകയോ തിരസ്ക്കരിക്കുകയോ ചെയ്ത വിവരം എസ്എംഎസ് സന്ദേശമായി തൊഴിലാളിക്കും ഇരു കമ്പനികൾക്കും അയയ്ക്കും. ഇതനുസരിച്ച് തുടർനടപടി തുടങ്ങാം. റീ-എൻട്രി (നാട്ടിൽ പോയി വരാനുള്ള അനുമതി), ഫൈനൽ എക്സിറ്റ് (രാജ്യം വിടാനുള്ള അനുമതി) അപേക്ഷകൾ അബ്ഷിർ പോർട്ടൽ മുഖേന തൊഴിലാളികൾക്കു നേരിട്ടു സമർപ്പിക്കാം. ഫൈനൽ എക്സിറ്റ് ലഭിക്കണമെങ്കിൽ തൊഴിൽ കരാർ പ്രകാരമുള്ള ആനുകൂല്യം ലഭിച്ചുവെന്ന് ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
സൗദിയിൽ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പരിഷ്കരിച്ച തൊഴിൽ കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരും. ദേശീയ പരിവർത്തന സംരംഭങ്ങളിലൊന്നായ പദ്ധതി ആഭ്യന്തര മന്ത്രാലയത്തിെൻറയും ദേശീയ വിവരകേന്ദ്രത്തിെൻറയും സഹകരണത്തോടെയാണ് മാനവ വിഭവശേഷി മന്ത്രാലയം നടപ്പാക്കുന്നത്.
സൗദി തൊഴിൽ വിപണിയിലെ അടിസ്ഥാനപരമായ മാറ്റവും തൊഴിലുടമയും വിദേശ തൊഴിലാളികളും തമ്മിലുള്ള ബന്ധവുമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ നവംബർ നാലിനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. മാർച്ച് 14 ഞായറാഴ്ച മുതൽ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
തൊഴിൽ മാറ്റം, റീഎൻട്രി സംവിധാനങ്ങളുടെ വികസനം, ഫൈനൽ എക്സിറ്റ് എന്നീ മൂന്ന് പ്രധാന സേവനങ്ങൾ നൽകുന്നതാണ് പദ്ധതി. തൊഴിലുടമയുടെ അനുമതിയില്ലാതെ കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ തൊഴിലാളിക്ക് മറ്റൊരു ജോലിയിലേക്ക് മാറാൻ തൊഴിൽ മാറ്റം സേവനം അനുവദിക്കുന്നു.
കരാർ കാലാവധിയുള്ള സമയത്ത് തൊഴിൽ മാറ്റത്തിനുള്ള സംവിധാനങ്ങളും നിർണയിക്കുന്നുണ്ട്. റീഎൻട്രി സേവനത്തിലൂടെ റീഎൻട്രി വിസ തൊഴിലാളിക്ക് തന്നെ നേടാൻ സാധിക്കും. കരാർ കാലാവധി കഴിഞ്ഞാൽ തൊഴിലുടമയുടെ അനുമതിയില്ലാതെ എക്സിറ്റ് വിസ നേടാൻ എക്സിറ്റ് വിസ സേവനത്തിലൂടെ തൊഴിലാളിക്ക് സാധിക്കും. ഇലക്ട്രോണിക് സംവിധാനത്തിലൂടെയായിരിക്കും തൊഴിലുടമയെ വിവരങ്ങൾ അറിയിക്കുക.
കരാർ കാലയളവിൽ ജോലി അവസാനിച്ച് സ്വദേശത്ത് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവർക്ക് കരാർ അവസാനിപ്പിക്കുന്നത് മൂമൂലമുണ്ടാകുന്ന ബാധ്യതകൾ വഹിക്കുകയാണെങ്കിൽ പോകാനും അനുവദിക്കുന്നതാണ് പുതിയ തൊഴിൽ പരിഷ്കരണ കരാർ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല