
സ്വന്തം ലേഖകൻ: സൗദിയുടെ 91 -ാമത് ദേശീയ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്. വിഷന്‍ 2030ന്റെ ഭാഗമായി രാജ്യം കൂടുതല്‍ പുരോഗതിക്കും അഭിവൃദ്ധിക്കും നേട്ടങ്ങള്‍ക്കുമായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവ് ഉള്‍പ്പെടെയുള്ള മുന്‍ഗാമികളെ സല്‍മാന്‍ രാജാവ് അനുസ്മരിച്ചു. 1932 ല്‍ സൗദിയിലെ നജ്ദ് ഹിജാസ് എന്നീ പ്രവിശ്യകള്‍ സൗദി അറേബ്യയായി പുനര്‍നാമകരണം ചെയ്തതിന്റെ ഓര്‍മയ്ക്കായാണ് എല്ലാ വര്‍ഷവും സെപ്തംബര്‍ 23 ന് ദേശീയ ദിനം ആചരിക്കുന്നത്.
സൗദിയുടെ ദേശിയ ദിനത്തിന് ഐക്യദാര്‍ഢ്യവുമായി യു എ ഇയും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ സൗദി അറേബ്യയുടെ 91 -ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച പച്ചയണിയും. ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കെട്ടിടവും ഇരു രാജ്യങ്ങളുടെയും പതാകകളും നേതാക്കളുടെ ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
എമിറേറ്റുകളിലുടനീളം ഇലക്ട്രോണിക് പരസ്യബോര്‍ഡുകളും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ സന്ദേശങ്ങളും നിറഞ്ഞിരിക്കുകയാണ്. അബുദാബിയില്‍, ഇത്തിഹാദ് അരീന, യാസ് മാള്‍ എന്നിവയുള്‍പ്പെടെ നിരവധി യാസ് ദ്വീപ് വേദികളും സൗദി പതാകയുടെ നിറങ്ങളാല്‍ അലങ്കരിക്കും. യാസ് ബേയില്‍ രാത്രി ഒമ്പതിന് കരിമരുന്ന് പ്രയോഗവും നടക്കും.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോയിൽ വളർച്ച, സുരക്ഷ, അഭിലാഷം, വിശ്വസ്തത, ജ്ഞാനം, നിശ്ചയദാർഢ്യം, വിജയം, ശുഭാപ്തിവിശ്വാസം എന്നിവ പ്രതിനിധീകരിക്കുന്ന നിറങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ രാജ്യം ആഘോഷത്തിന്റെ പൊലിമയിലാണ്.
സർക്കാർ സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവ ദേശീയപതാകയുടെ നിറമായ പച്ചയിൽ അലങ്കരിച്ചിരിക്കുന്നു. റോയൽ എയർഫോഴ്സ് ഡിസ്പ്ലേ ടീമിന്റെ സൗദി ഹോക്സ് അവതരിപ്പിച്ച എയർ ഷോ ജിദ്ദയിൽ ഞായറാഴ്ച ആരംഭിച്ചിരുന്നു. സൗദി അറേബ്യയുടെ ആദ്യത്തെ തലസ്ഥാനമായ ദിരിയ നഗരത്തിൽ വിവിധ പരിപാടികൾ അരങ്ങേറുന്നു. രാജകീയ സംഘത്തിന്റെ പ്രകടനം, കുതിരക്കാർക്കും ഒട്ടകങ്ങൾക്കുമുള്ള പരേഡ് എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.
ചെങ്കടൽ പദ്ധതി, നിയോം, ദി ലൈൻ, സൗദി ഗ്രീൻ ഇനിഷ്യേറ്റീവ്, റിയാദ് മെട്രോ, ദേശീയ പുനരുത്പാദനോര്‍ജ പദ്ധതി, ഷഹീൻ സാറ്റ് സാറ്റലൈറ്റ് തുടങ്ങി കഴിഞ്ഞ ഏതാനും വർഷങ്ങളായി നടപ്പാക്കിയ വൻ വികസന പദ്ധതികളും സംരംഭങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള അവസരം കൂടിയായി ഈ ദേശീയ ദിനാഘോഷത്തെ ഉപയോഗിക്കുന്നു.
കൂടാതെ അതിവേഗ ഗതാഗതത്തിനായുള്ള ഹൈപ്പർലൂപ്പ് പദ്ധതി, ഖിദ്ദിയ, ചരിത്രപരമായ ദിരിയ വികസന പരിപാടി എന്നിവയും പ്രത്യേകതകൾ ആണ്. ഇന്ത്യയടക്കം വിവിധ ലോക രാജ്യങ്ങൾ സൗദിക്ക് ദേശീയദിനാശംസകൾ നേർന്നു. സൗദിയിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ഔസെഫ് സെയ്ദ് ആശംസ അർപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല