
സ്വന്തം ലേഖകൻ: സൗദിയിൽ ക്വാറികളിലും ക്രഷർ യൂണിറ്റുകളിലും സ്വദേശി വൽക്കരണം. ഉന്നത തസ്തികകളിൽ 1,400 സൗദി യുവാക്കളെ നിയമിക്കാനാണ് പദ്ധതി. കോളജ് ഓഫ് എക്‌സലൻസുമായും മാനവശേഷി വികസന സമിതിയുമായും, സാമൂഹിക വികസന മന്ത്രാലയവുമായും സഹകരിച്ചാണ് വ്യവസായ, ധാതുവിഭവ മന്ത്രാലയം പദ്ധതി നടപ്പാക്കുന്നത്.
വ്യവസായ, ധാതുവിഭവ മന്ത്രാലയവും നിക്ഷേപകരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പദ്ധതിയുമായി ബന്ധപ്പെടുകയും സ്വദേശികൾക്ക് പരിശീലനവും തൊഴിലും നൽകാൻ പ്രാഥമിക കരാറുകൾ ഒപ്പുവയ്ക്കുകയും ചെയ്ത കമ്പനികളെ ഡപ്യൂട്ടി വ്യവസായ, ധാതുവിഭവ മന്ത്രി പ്രശംസിച്ചു.
സ്വര്‍ണ വില്‍പ്പന കേന്ദ്രങ്ങളിലും ആഭരണ നിര്‍മാണ കേന്ദ്രങ്ങളിലും സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കാനുള്ള തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം അടുത്ത ജനുവരിയിൽ നിലവിൽ വരാനിരിക്കുകയാണ്. ഇതോടെ അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ സൗദിയിലെ ജ്വല്ലറി ഷോപ്പുകളില്‍ പ്രവാസികള്‍ക്ക് ജോലി ചെയ്യാനാവില്ല.
ബിരുദധാരികളും ഡിപ്ലോമക്കാരുമായ 96,000 സൗദികള്‍ക്ക് കഴിഞ്ഞ വര്‍ഷം തൊഴില്‍ ലഭിച്ചതായാണ് കണക്കുകൾ. ഇവരില്‍ മൂന്നിലൊന്നില്‍ കൂടുതലും സ്ത്രീകളാണ്. സോഷ്യല്‍ ഇന്‍ഷൂറന്‍സ് ഓര്‍ഗനൈസേഷനും മനുഷ്യ വിഭവ മന്ത്രാലയവും പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്. ഇവരില്‍ 59,173 പേര്‍ ബിരുദധാരികളാണ്. 47,707 (80.6 ശതമാനം) പേര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് മേഖലയിലും 9,283 പേര്‍ (15.7 ശതമാനം) സിവില്‍ സര്‍വീസിലും 2183 പേര്‍ (3.7 ശതമാനം) വാണിജ്യ മേഖലയിലുമാണ് ജോലി നേടിയത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല