
സ്വന്തം ലേഖകൻ: നാട്ടില്‍ പോയി തിരികെ എത്തുന്നതിനുള്ള എക്‌സിറ്റ് ആന്റ് റീ എന്‍ട്രി വിസ നാട്ടിലായിരിക്കുമ്പോള്‍ ഫൈനല്‍ എക്‌സിറ്റ് വിസയാക്കി മാറ്റാനാവില്ലെന്ന് സൗദി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് അഥവാ ജവാസാത്ത് വ്യക്തമാക്കി. അതിനാല്‍ ഈ രീതിയില്‍ എക്‌സിറ്റ് ആന്റ് റീ എന്‍ട്രി വിസയില്‍ നാട്ടിലേക്ക് പോയി വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സൗദിയിലേക്ക് തിരികെയെത്താന്‍ കഴിയാത്ത അവസ്ഥയുണ്ടായാല്‍ അവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്നും ജവാസാത്ത് വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ആശ്രിത വിസയിലുള്ളവര്‍ക്കും മുന്‍ തൊഴിലുടമയില്‍ നിന്നു തന്നെ പുതിയ വിസ ലഭിക്കുന്നവര്‍ക്കും ഈ വിലക്കില്‍ ഇളവ് നല്‍കും. സൗദിയില്‍ നിന്ന് പുറത്തു പോയ തീയതി മുതലാണ് എക്‌സിറ്റ് ആന്റ് റീ എന്‍ട്രി വിസയുടെ കാലാവധി കണക്കാക്കുകയെന്നും ജവാസാത്ത് വ്യക്തമാക്കി. എക്‌സിറ്റ് ആന്റ് റീ എന്‍ട്രി വിസയില്‍ സൗദിയില്‍ നിന്ന് പുറത്തു പോകുന്ന ഗാര്‍ഹിക ജീവനക്കാരുടെ കാര്യത്തില്‍ അവരുടെ വിസയുടെ കാലാവധി തീര്‍ന്ന് ആറു മാസം ആകുന്നതോടെ അബ്ശില്‍ സിസ്റ്റത്തില്‍ നിന്ന് അവരുടെ പേര് ജവാസാത്ത് നീക്കം ചെയ്യും.
അതിനിടെ, പ്രവാസികള്‍ വിമാനം കയറുന്നതിന് മുമ്പ് തന്നെ അവരുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ എയര്‍ലൈനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിമാനക്കമ്പനികള്‍ക്ക് അയച്ച പുതിയ സര്‍ക്കുലറിലാണ് ഈ നിര്‍ദ്ദേശമുള്ളതെന്ന് സൗദി പ്രസ്സ് ഏജന്‍സി അറിയിച്ചു. രണ്ട് മാര്‍ഗങ്ങളിലൂടെയാണ് പ്രവാസി യാത്രക്കാരുടെ യാത്രാ യോഗ്യത കണക്കാക്കേണ്ടതെന്ന് സര്‍ക്കുലറില്‍ പറയുന്നു.
തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പരിശോധിക്കുന്നതാണ് ഒരു വഴി. അല്ലെങ്കില്‍ സൗദിയില്‍ വച്ച് വാക്‌സിന്‍ എടുത്തുവെന്നത് ഖുദൂം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ഉറപ്പുവരുത്തണം. പുതിയ ഉത്തരവ് നടപ്പാക്കുന്ന കാര്യത്തില്‍ എല്ലാ വിമാന കമ്പനികളും ജാഗ്രത പാലിക്കണം. അല്ലാത്ത പക്ഷം അതേത്തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും വിമാനക്കമ്പനികളായിരിക്കും ഉത്തരവാദികളെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല